ന്യൂഡൽഹി: നീണ്ട നിയമപോരാട്ടത്തിനു ഒടുവിൽ തന്റെ മകൾക്ക് നീതി ലഭിച്ചെന്ന് ഡൽഹി കൂട്ടബലാത്സംഗത്തിനു ഇരയായ പെൺകുട്ടിയുടെ അമ്മ. കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പെൺകുട്ടിയുടെ അമ്മ ആശാ ദേവി. “നീതി ലഭിക്കാൻ വെെകി, പക്ഷേ, നീതി നിഷേധിക്കപ്പെട്ടില്ല,” വധശിക്ഷ നടപ്പിലായ ശേഷം ആശാ ദേവി പറഞ്ഞു.

“രാജ്യത്തെ എല്ലാ പെൺകുട്ടികളുടേയും വിജയമാണിത്. ഏഴ് വർഷത്തെ നിയമപോരാട്ടമാണ് വിജയം കണ്ടത്. എനിക്ക് നീതി ലഭിച്ചത്. എനിക്കും എന്റെ മകൾക്കും മാത്രമല്ല, രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കുമാണ് നീതി ലഭിച്ചത്. രാജ്യത്തെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്കും സർക്കാരിനും ഞാൻ നന്ദി പറയുന്നു. പ്രതികളെ തൂക്കിലേറ്റാൻ ഏറെ വെെകി. പക്ഷേ, ഞാൻ സന്തുഷ്‌ടയാണ്. അവരെ ഒടുവിൽ തൂക്കിലേറ്റിയല്ലോ…പോരാട്ടം തുടരും. എന്റെ മകൾ ഇപ്പോൾ ഇവിടെയില്ല. പക്ഷേ, രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഞാൻ ഇനിയും പോരാട്ടം തുടരും. ഭാവിയിൽ ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടാകരുത്. ഞാൻ എന്റെ മകളെ കുറിച്ച് അഭിമാനിക്കുന്നു. വിധി നടപ്പിലായ ശേഷം ഞാൻ എന്റെ മകളുടെ ചിത്രം നെഞ്ചോട് ചേർത്തു.” ആശ ദേവി പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയം ഒന്നിച്ചു തൂക്കിലേറ്റുന്നത്. ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും ഇന്ന് പുലർച്ചെ 5.30 നാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത്. പുലർച്ചെ 3.30 ന് പ്രതികളെ ഉറക്കത്തിൽ നിന്നു വിളിച്ചെഴുന്നേൽപ്പിച്ചു. വധശിക്ഷ നടപ്പിലാക്കാനുള്ള അവസാന നടപടിക്രമങ്ങളാണ് പിന്നീട് നടന്നത്.

വധശിക്ഷ നടപ്പിലാക്കുന്നതിനു മുൻപ് വ്യത്യസ്‌ത സെല്ലുകളിലായി നാല് പ്രതികളേയും അൽപ്പസമയം ഒറ്റയ്‌ക്ക് ഇരുത്തി. പുതിയ വസ്ത്രം ധരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രതികൾ തയ്യാറായില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തിഹാർ ജയിൽ രാത്രി മുതൽ അടഞ്ഞു കിടക്കുകയാണ്. എല്ലാ ജയിൽവാസികളും സെല്ലിനു അകത്ത് തന്നെ കഴിഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ആരേയും പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. അതീവ സുരക്ഷയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രതികൾക്ക് പ്രാർത്ഥിക്കാനായി പത്ത് മിനിറ്റ് സമയം നൽകി.

Read Also: നാല് പേരെ ഒന്നിച്ചു തൂക്കിലേറ്റുന്നത് ചരിത്രത്തിൽ ആദ്യം; പ്രതികൾ ഭക്ഷണം നിരസിച്ചു

നാല് മണിയോടെ പ്രതികളെ കഴുമരത്തിലേക്ക് എത്തിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴുമരം കാണാൻ അനുവദിക്കാതെ പ്രതികളുടെ മുഖം മറച്ചു. പ്രതികളുടെ അവസാന ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞു. അതിനുശേഷമായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ പവൻ ഗുപ്‌ത, അക്ഷയ് സിങ് എന്നിവരെ അഞ്ചോ പത്തോ മിനിറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ഇവരുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു നിരസിച്ചു. തിഹാർ ജയിലിലെ മൂന്നാം നമ്പർ മുറിയിലാണ് പ്രതികളെ തൂക്കിലേറ്റിയത്. 2012 ഡിസംബർ 16 ന് നടന്ന കുറ്റകൃത്യത്തിനാണ് പ്രതികളെ ഏഴ് വർഷങ്ങൾക്കു ശേഷം തൂക്കിലേറ്റുന്നത്.

തിഹാർ ജയിലിൽവച്ചാണ് നാല് പേരേയും തൂക്കിലേറ്റിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഇതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്ന അവസാന നടപടിക്രമങ്ങളിലേക്ക് കടന്നത്. ഇന്ന് പുലർച്ചെ 4.30 നാണ് സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള അവസാന ഹർജിയും തള്ളിയത്. കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്‌ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്.

Read Also: Horoscope Today March 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ആരാച്ചാർ പവൻ ജല്ലാദാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. മൂന്ന് ദിവസം മുൻപേ ആരാച്ചാർ തിഹാർ ജയിലിൽ എത്തിയിരുന്നു. പുലർച്ചെ നാലുമണിയോടെ പ്രതികളെ കഴുമരത്തിലേക്ക് കൊണ്ടുവരുന്ന നടപടികൾ ആരംഭിച്ചു. കുറ്റവാളികളുടെ ശാരീരികക്ഷമത പരിശോധിച്ച ശേഷമാണ് ജയിൽ അധികാരികൾ ഇവരെ തൂക്കുമരത്തിലേക്ക് കൊണ്ടുവന്നത്.

ദേശീയ പതാകയുമായി നൂറു കണക്കിനു ആളുകളാണ് തിഹാർ ജയിലിനു മുന്നിൽ തടിച്ചുകൂടിയത്. വധശിക്ഷ നടപ്പിലായതിനു പിന്നാലെ ജയിലിനു പുറത്ത് ആഹ്ളാദപ്രകടനം നടന്നു. നീതി നടപ്പിലായെന്ന് ജയിലിനു പുറത്തു തടിച്ചുകൂടിയവർ മുദ്രാവാക്യം മുഴക്കി. അർധസെെനിക വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ജയിലിനു പുറത്ത് വിന്യസിച്ചിരുന്നു. പൊലീസും സുരക്ഷ ശക്തമാക്കി.

2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം നടന്നത്. പ്രതികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള മരണ വാറന്റ് മൂന്ന് തവണ പുറപ്പെടുവിച്ചശേഷം മാറ്റിവച്ചിരുന്നു. വധശിക്ഷയില്‍ നിന്നും ഒഴിവാകുന്നതിന് കുറ്റക്കാര്‍ക്ക് ലഭ്യമായിട്ടുള്ള എല്ലാ നിയമപരമായ വഴികളും അവര്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വാറന്റുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook