ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയം ഒന്നിച്ചു തൂക്കിലേറ്റുന്നത്. 2012 ഡിസംബര്‍ 16-ലെ ഡൽഹി കൂട്ടബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളെയും ഇന്ന് പുലർച്ചെ 5.30 നാണ് തിഹാർ ജയിലിലെ മൂന്നാം നമ്പർ മുറിയിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കേസില്‍ വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്‌ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്.

രാവിലെ ആറുമണിയോടെ തൂക്കുമരത്തില്‍ നിന്നും താഴെ ഇറക്കിയ മൃതശരീരങ്ങള്‍ ഡല്‍ഹിയിലെ ഡിഡിയു ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതശരീരങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

ഹൈക്കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളിയശേഷം പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് അര്‍ദ്ധരാത്രിയോടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ 3.30 ഓടെ കോടതി ആവശ്യം നിരസിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷന്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്.

അതീവ സുരക്ഷയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വധശിക്ഷ നടപ്പിലാക്കാനുള്ള അവസാന നടപടിക്രമങ്ങള്‍ക്കായി ജയില്‍ അധികൃതര്‍ പുലർച്ചെ 3.30  ന് പ്രതികളെ വിളിച്ചുണര്‍ത്തി. നാല് പ്രതികളേയും വ്യത്യസ്‌ത സെല്ലുകളിലായി അൽപ്പസമയം ഒറ്റയ്‌ക്ക് ഇരുത്തി. അവസാനമായി പുതിയ വസ്ത്രം ധരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രതികൾ തയ്യാറായില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

വധശിക്ഷ നടപ്പിലാക്കുന്നതിനാല്‍ ഇന്നലെ രാത്രി മുതൽ തിഹാർ ജയിൽ  അടഞ്ഞു കിടക്കുകയാണ്. എല്ലാ ജയിൽവാസികളും സെല്ലുകള്‍ക്കകത്തുതന്നെ കഴിഞ്ഞു.  പ്രതികൾക്ക് പ്രാർത്ഥിക്കാനായി പത്ത് മിനിറ്റ് സമയം നൽകി.

Read Also: Delhi Gang Rape Case: ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതികളെ തൂക്കിലേറ്റി

നാല് മണിയോടെ പ്രതികളെ കഴുമരത്തിലേക്ക് എത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴുമരം കാണാൻ അനുവദിക്കാതെ പ്രതികളുടെ മുഖം മറച്ചു. പ്രതികളുടെ അവസാന ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞു. അതിനുശേഷമായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.

പ്രതികളായ പവൻ ഗുപ്‌ത, അക്ഷയ് സിങ് എന്നിവരെ അഞ്ചോ പത്തോ മിനിറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ഇവരുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു നിരസിച്ചിരുന്നു.

കുറ്റകൃത്യം നടന്ന്‌ ഏഴ് വർഷങ്ങൾക്കു ശേഷമാണ്‌ പ്രതികളെ തൂക്കിലേറ്റുന്നത്. മകൾക്ക് നീതി ലഭിച്ചുവെന്ന്‌ പെൺകുട്ടിയുടെ അമ്മ പ്രതികളെ തൂക്കിലേറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴ് വർഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടുവെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കും രാഷ്ട്രപതിക്കും നന്ദി പറയുന്നതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളെ കൃത്യം 5.30 നു തൂക്കിലേറ്റിയെന്ന് ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലാണ് പുറംലോകത്തെ അറിയിച്ചത്.

വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട്‌ കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹർജിയും സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് ഇന്ന് പുലർച്ചെ 4.30 നാണ് തള്ളിയത്. തുടര്‍ന്ന്‌ നാലേമുക്കാലോടെ തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ഇതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്ന അവസാന നടപടിക്രമങ്ങളിലേക്ക് കടന്നത്.

Read Also: Bigg Boss Malayalam 2: ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ താളം തെറ്റി രഘുവും കൂട്ടരും; പൊട്ടിത്തെറിച്ച് ദയ

ആരാച്ചാർ പവൻ ജല്ലാദാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. മൂന്ന് ദിവസം മുമ്പേ
ആരാച്ചാർ തിഹാർ ജയിലിൽ എത്തി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പുലർച്ചെ നാലുമണിയോടെ പ്രതികളെ കഴുമരത്തിലേക്ക് കൊണ്ടുവരുന്ന നടപടികൾ ആരംഭിച്ചു. കുറ്റവാളികളുടെ ശാരീരികക്ഷമത പരിശോധിച്ച ശേഷമാണ് ജയിൽ അധികൃതര്‍ ഇവരെ തൂക്കുമരത്തിലേക്ക് കൊണ്ടുവന്നത്.

വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത്‌ ദേശീയ പതാകയുമായി നൂറു കണക്കിനു ആളുകളാണ് തിഹാർ ജയിലിനു മുന്നിൽ തടിച്ചുകൂടിയത്. ശിക്ഷ നടപ്പിലായതിനു പിന്നാലെ ജയിലിനു പുറത്ത് ആഹ്ളാദപ്രകടനം നടന്നു. ജയിലിനു പുറത്തു തടിച്ചുകൂടിയവർ നീതി നടപ്പിലായെന്ന് മുദ്രാവാക്യം മുഴക്കി. സുരക്ഷയുടെ ഭാഗമായി അർധസെെനിക വിഭാഗത്തെ ജയിലിനു പുറത്ത് വിന്യസിച്ചിരുന്നു. പൊലീസും സുരക്ഷ ശക്തമാക്കി.

2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം സംഗവും കൊലപാതകവും നടന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച്‌ പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള മരണ വാറന്റ് മൂന്ന് തവണ പുറപ്പെടുവിച്ചശേഷം മാറ്റിവച്ചിരുന്നു. വധശിക്ഷയില്‍ നിന്നും ഒഴിവാകുന്നതിന് കുറ്റക്കാര്‍ക്ക് ലഭ്യമായിട്ടുള്ള എല്ലാ നിയമപരമായ വഴികളും പ്രതികള്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വാറന്റുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook