ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിൽ ഒരാളായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബിഹാര്‍ ഔറംഗാബാദിലെ കോടതിയിലാണ് അക്ഷയ് കുമാറിന്റെ ഭാര്യ പുനിത വിവാഹമോചന ഹർജി നൽകിയത്.

ഒരു വിധവയായി ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടബലാത്സംഗ കേസിലെ പ്രതികളെ നാളെ പുലര്‍ച്ചെ (മാര്‍ച്ച് 20) തൂക്കിലേറ്റും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പുനിത വിവാഹമോചനമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പുനിത നൽകിയ ഹർജിയിൽ കോടതി ഇന്നു വിധി പറയും.

Read Also: Covid 19 Live Updates: സംസ്ഥാനത്ത് കാൽലക്ഷത്തോളം ആളുകൾ നിരീക്ഷണത്തിൽ

“തന്റെ ഭർത്താവ് നിഷ്‌കളങ്കനാണ്. തെറ്റു ചെയ്‌തിട്ടില്ല. അദ്ദേഹത്തെ തൂക്കിലേറ്റും മുൻപ് എനിക്ക് വിവാഹമോചനം വേണം.” പുനിത ആവശ്യപ്പെട്ടു. വിവാഹമോചനം ആവശ്യപ്പെടാൻ തന്റെ കക്ഷിക്ക് നിയമപരമായ അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകൻ മുകേഷ് കുമാർ സിങ് പറഞ്ഞു. ഭർത്താവ് പീഡനക്കേസിൽ പ്രതിയായാൽ ഹിന്ദു ആക്‌ട് പ്രകാരം വിവാഹമോചനം ആവശ്യപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ 5.30 ന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതികളെ തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറന്റാണിത്. നിയമപരമായമാര്‍ഗങ്ങള്‍ ഉപയോഗിച്ച് തൂക്കുകയറില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികൾ ശ്രമം നടത്തിയിരുന്നതിനാല്‍ നേരത്തെ പുറപ്പെടുവിച്ച മൂന്നു മരണ വാറന്റുകളും  നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.

Read Also: കോവിഡ് 19: എസ്എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല

കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്‌ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് നാളെ തൂക്കിലേറ്റുക. അക്ഷയ് കുമാർ സിങ് മാത്രമാണ് ഇതിൽ വിവാഹിതൻ.

2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം നടന്നത്. പ്രതികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook