ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ- കൊലപാതക കേസിലെ പ്രതികളെ തൂക്കിലേറ്റി. ഇന്ന് പുലർച്ചെ 5.30 നാണ് നാല് പ്രതികളേയും തൂക്കിലേറ്റിയത്. കേസിലെ പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്‌ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. തിഹാർ ജയിലിലാണ് നാല് പേരേയും ഒരേസമയം തൂക്കിലേറ്റിയത്.

2012 ഡിസംബർ 16 നാണ് വധശിക്ഷയ്ക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. നീണ്ട ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്.

മരണശേഷം പെണ്‍കുട്ടിയെ നിര്‍ഭയ എന്ന് സമൂഹം വിളിച്ചു. മകൾക്ക് നീതി ലഭിച്ചുവെന്ന്‌ നിര്‍ഭയയുടെ അമ്മ പ്രതികളുടെ വധശിക്ഷ നടപ്പിലായശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴ് വർഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കും രാഷ്ട്രപതിക്കും നന്ദി പറയുന്നതായും അവര്‍
പറഞ്ഞു.

ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലാണ് പ്രതികളെ കൃത്യം 5.30 നു തൂക്കിലേറ്റിയെന്ന് പുറംലോകത്തെ അറിയിച്ചത്.

സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഇന്ന് പുലർച്ചെ 4.30 നാണ് വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അവസാന ഹർജിയും തള്ളിയത്. ഇതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ അവസാന നടപടിക്രമങ്ങളിലേക്ക് കടന്നത്.

Read Also: എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ?

ആരാച്ചാർ പവൻ ജല്ലാദാണ് വധശിക്ഷ നടപ്പിലാക്കിയത്. മൂന്ന് ദിവസം മുമ്പ്‌ ആരാച്ചാർ തിഹാർ ജയിലിൽ എത്തി ശിക്ഷ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
പുലർച്ചെ നാലുമണിയോടെ പ്രതികളെ കഴുമരത്തിലേക്ക് കൊണ്ടുവരുന്ന നടപടികൾ ആരംഭിച്ചു.

കുറ്റവാളികളുടെ ശാരീരികക്ഷമത പരിശോധിച്ച ശേഷമാണ് ജയിൽ അധികാരികൾ ഇവരെ തൂക്കുമരത്തിലേക്ക് കൊണ്ടുവന്നത്. പ്രാർത്ഥിക്കാനായി പത്ത് മിനിറ്റ് നൽകുന്ന നടപടിക്രമങ്ങൾ അടക്കം പൂർത്തിയാക്കിയാണ് വധശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത്‌ ദേശീയ പതാകയുമായി നൂറു കണക്കിനു ആളുകള്‍ തിഹാർ ജയിലിനു മുന്നിൽ തടിച്ചുകൂടി. ശിക്ഷ നടപ്പിലായതിനു പിന്നാലെ ജയിലിനു പുറത്ത് ആഹ്ളാദപ്രകടനം നടന്നു. ജയിലിനു പുറത്തു തടിച്ചുകൂടിയവർ നീതി നടപ്പിലായെന്ന് മുദ്രാവാക്യം മുഴക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി അർധസെെനിക വിഭാഗത്തെ ഉദ്യോഗസ്ഥരെ ജയിലിനു പുറത്ത് വിന്യസിച്ചിരുന്നു. പൊലീസും സുരക്ഷ ശക്തമാക്കി.

2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച്‌ പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള മരണ വാറന്റ് മൂന്ന് തവണ പുറപ്പെടുവിച്ചശേഷം മാറ്റിവച്ചിരുന്നു. വധശിക്ഷയില്‍ നിന്നും ഒഴിവാകുന്നതിന് കുറ്റക്കാര്‍ക്ക് ലഭ്യമായിട്ടുള്ള എല്ലാ നിയമപരമായ വഴികളും പ്രതികള്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വാറന്റുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്.

Read in English Here 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook