ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. രാജ്യതലസ്ഥാനത്ത് ഇന്നത്തെ താപനില മൂന്ന് ഡിഗ്രിക്ക് താഴെയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ താപനില 2.4 ഡിഗ്രി സെൽഷ്യസാണ്. താപനില ഇനിയും താഴ്‌ന്നേക്കാം. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വാഹനാപകട സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം രാത്രി കനത്ത മൂടൽമഞ്ഞിനെത്തുടർന്നുണ്ടായ കാർ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. മൂടൽമഞ്ഞിനെത്തുടർന്നാണ് വാഹനാപകടമുണ്ടായതെന്ന് ഇന്ന് രാവിലെയാണ് പൊലീസ് സ്ഥിരീകരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഞ്ഞിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള 16 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങൾ റദ്ദാക്കി. മൂടൽമഞ്ഞിനെത്തുടർന്ന് പരസ്‌പരം കാണാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.

Read Also: ശെടാ, ഒന്ന് മൂക്ക് ചൊറിയാനും പാടില്ലേ? ക്രിക്കറ്റ് കാണികളെ പൊട്ടിച്ചിരിപ്പിച്ച് അംപയര്‍

ഏതാനും ദിവസമായി ഡൽഹി അതികഠിനമായ തണുപ്പിന്റെ പിടിയിലാണ്. 28 ന് ഡൽഹിയിലെ താപനില 2.4 ഡിഗ്രിയായിരുന്നു. ശരാശരി താപനില താഴ്ന്നതാണ് പകല്‍സമയത്തെ തണുപ്പ് കൂടാന്‍ കാരണമായത്. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം രേഖപ്പെടുത്തിയ ശരാശരി താപനില. 1919 ഡിസംബറില്‍ 19.8 ഡിഗ്രിയും, 1997-ല്‍ 17.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിലെ താപനില ഇങ്ങനെ: ലഡാക്(-20 ഡിഗ്രി) ശ്രീനഗര്‍(-5.6), പഹല്‍ഗാം(12), രാജസ്ഥാനിലെ ഫത്തേപൂര്‍(-12).

ജനുവരി ആദ്യവാരം ഡൽഹിയിൽ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡൽഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി ഒൻപതിനായിരത്തോളം പേരാണ് ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook