ന്യൂഡൽഹി: കർഷക വിഷയങ്ങളിൽ ഇടപെടുമെന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വാസമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും കർഷകർ. നേരത്തെ കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചിരുന്നു. എന്നാൽ അവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് ഭാരതീയ കിസാൻ യൂണിയന്റെ തീരുമാനം.

നേരത്തെ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ നടന്ന കർഷക മാർച്ച് പോലിസ് തടഞ്ഞിരുന്നു. ഇതേതുടർന്ന് വലിയ സംഘർഷമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. കർഷകർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജ്ജിൽ നിരവധി കർഷകർക്ക് പരുക്കേറ്റു.

ഹരിദ്വാറിലെ ടികായത് ഘട്ടിൽനിന്നും സെപ്റ്റംബർ 23 നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടികായത് നയിക്കുന്ന ‘കിസാന്‍ ക്രാന്തി യാത്ര’ ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് മീററ്റിൽ എത്തിയത്. ഏഴായിരത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. മാർച്ച് ഡൽഹിയിലേക്ക് കടക്കുന്നതിനു മുൻപായാണ് പൊലീസ് ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയായ ഗാസിയാബാദിൽവച്ച് തടഞ്ഞത്. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

പൊലീസ് ബാരിക്കേഡ് മറികടന്ന് കർഷകർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞത്. കർഷകർ പിരിഞ്ഞു പോകാത്തതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്നായിരുന്നു ലാത്തിച്ചാർജ്.

അതേസമയം, പൊലീസ് തടഞ്ഞാലും മാർച്ചുമായി മുന്നോട്ടു പോകുമെന്ന് കർഷകർ വ്യക്തമാക്കി. സമാധാനപരമായി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതെന്തിനാണെന്ന് കർഷകർ ചോദിച്ചു.

കാർഷിക കടങ്ങൾ എഴുതി തളളുക, എം.എസ്.സ്വാമിനാഥൻ ശുപാർശകൾ നടപ്പിലാക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ മാർച്ച് സംഘടിപ്പിച്ചത്. ഹരിദ്വാറിൽനിന്നും തുടങ്ങിയ മാർച്ച് ഡൽഹിയിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.

അതേസമയം, കർഷകരുടെ മാർച്ച് കണക്കിലെടുത്ത് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 8 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

1998 ൽ ഒക്ടോബറിൽ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) സ്ഥാപകൻ മഹേന്ദ്ര സിങ് ടികായത് ഡൽഹിയിൽ പടുകൂറ്റൻ കർഷക മാർച്ച് സംഘടിപ്പിച്ചിരുന്നു. 30 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ നരേഷ് ടികായതാണ് ഇപ്പോൾ ‘കിസാന്‍ ക്രാന്തി യാത്ര’ എന്ന പേരിൽ കർഷക മാർച്ച് സംഘടിപ്പിച്ചത്. 2011ലാണ് മഹേന്ദ്ര സിങ് ടികായത് മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം നടക്കുന്ന ആദ്യത്തെ മാർച്ചാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook