ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കുറ്റപ്പെടുത്താൻ ശ്രമിച്ച ബിജെപി മേയർ സ്വയം കുഴിച്ച കുഴിയിൽ വീണു. സംഭവത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ബിജെപി നേതാവും നോർത്ത് ഡൽഹി മേയറുമായ പ്രീതി അഗർവാളിന് നാക്കുപിഴച്ചത്. സംഭവം നടന്ന് 5 മണിക്കൂറിനുശേഷമാണ് കേജ്‌രിവാൾ എത്തിയതെന്നായിരുന്നു പ്രീതി പറഞ്ഞത്. ഇതിനുപിന്നാലെ ഫാക്ടറിയുടെ ലൈസൻസ് ഞങ്ങളുടെ പക്കലാണെന്നും അതിനാൽ ഫാക്ടറിക്കെതിരായി ഒന്നും സംസാരിക്കാനാവില്ലെന്നും മേയർ പറഞ്ഞു.

മേയറുടെ വിഡിയോ വൈറലായതോടെ അരവിന്ദ് കേജ്‌രിവാൾ മേയർക്കെതിരെ ആഞ്ഞടിച്ചു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഒന്നും പ്രതികരിക്കരുതെന്നാണ് മേയർ പറയുന്നത്. മേയർ മാപ്പു പറയണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ മേയർ നിഷേധിക്കുകയും വ്യാജവിഡിയോയാണ് പുറത്തുവന്നിരിക്കുന്നതെന്നും പറഞ്ഞു.

”വ്യാജ വിഡിയോയ്ക്ക് പിന്നിൽ ആം ആദ്മി പാർട്ടിയാണ്. ജനങ്ങള തെറ്റിദ്ധരിപ്പിക്കാനാണ് കേജ്‌രിവാൾ ശ്രമിക്കുന്നത്. കേജ്‌രിവാളിന്റെ നിലവാരമില്ലാത്ത രാഷ്ട്രീയത്തെയാണ് ഇത് കാണിക്കുന്നത്, അദ്ദേഹം മാപ്പു പറയണം” മേയർ പ്രീതി ട്വീറ്റ് ചെയ്തു.

ബവാനയിൽ പടക്കനിർമാണകേന്ദ്രത്തിലും പ്ലാസ്റ്റിക് ഫാക്ടറിയിലും ശനിയാഴ്ച വൈകിട്ടാണു തീപിടിത്തമുണ്ടായത്. 10 സ്ത്രീകളും 7 പുരുഷന്മാരും അടക്കം 17 പേരാണ് മരിച്ചത്. സംഭവത്തിൽ ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാക്ടറിക്കകത്ത് അനധികൃതമായി പടക്കശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്നെ പൊലീസ് അറസ്റ്റു ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook