ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ. കവിതയെ ഇ ഡി ചോദ്യം ചെയ്യും. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഹാജരാകാനാണ് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച ഇഡി അറസ്റ്റ് ചെയ്ത സൗത്ത് ഗ്രൂപ്പിന്റെ മുന്‍നിരക്കാരനായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരിടുന്നതിന് വേണ്ടിയാണ് കവിതയെ ഇ ഡി വിളിച്ചിരിക്കുന്നത്. കവിതയുമായും മറ്റുള്ളവരുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മദ്യവില്‍പ്പന സംഘമായ സൗത്ത് ഗ്രൂപ്പിനെയാണ് പിള്ള പ്രതിനിധീകരിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നേരത്തെ പറഞ്ഞിരുന്നു. ‘ദക്ഷിണ ഗ്രൂപ്പില്‍’ ശരത് റെഡ്ഡി (അരബിന്ദോ ഫാര്‍മയുടെ പ്രൊമോട്ടര്‍), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ഓംഗോള്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി), കവിത എന്നിവരും മറ്റുള്ളവരും ഉള്‍പ്പെടുന്നതായി ഇഡി പറയുന്നു.
പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 10 ന് ജന്തര്‍ മന്തറില്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തുമെന്ന് കവിത പറഞ്ഞിരുന്നു. ഈ കേസില്‍ ബിആര്‍എസ് നേതാവിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു
മദ്യവ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയം ഏകപക്ഷ ീയവും ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി അനുവദിച്ചതില്‍ കൈക്കൂലി നല്‍കിയെന്നും ആരോപിക്കപ്പെടുന്നു, ഈ ആരോപണം ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി) ശക്തമായി നിഷേധിച്ചു. ഈ നയം പിന്നീട് റദ്ദാക്കുകയും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം കേസെടുത്തു.