ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐയുടെ സമന്‍സ്. ഏപ്രില്‍ 16 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് സിബിഐ അറിയിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതേകേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്റ്റിലായിരുന്നു.
ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാന്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ മദ്യനയം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ ഇടപാട് നടന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. നയം ചില ഡീലര്‍മാര്‍ക്ക് അനുകൂലമായെന്നും ആരോപിക്കപ്പെടുന്നു, എന്നാല്‍ എഎപി ആരോപണം ശക്തമായി തള്ളിയെങ്കിലും നയം പിന്നീട് റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നടത്തുന്ന അഴിമതിക്കെതിരെ കെജ്രിവാള്‍ പോരാടുന്നതിനാല്‍ ഇത് സംഭവിക്കുമെന്ന് എഎപി എംപി സഞ്ജയ് സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘തന്റെ സുഹൃത്തിന്റെ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ കള്ളപ്പണമാണെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞ ദിവസം, ഏജന്‍സികള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് പിന്നാലെ വരുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. കെജ്രിവാളിനെ ഏജന്‍സികളുടെ വലയില്‍ വീഴ്ത്താന്‍ പ്രധാനമന്ത്രി മോദി അന്നുമുതല്‍ ഗൂഢാലോചന നടത്തുകയായിരുന്നു,” സഞ്ജയ സിങ് പറഞ്ഞു.
പ്രധാനമന്ത്രി നടപ്പാക്കിയ അഴിമതി മറച്ചുവെക്കാന്‍ ഈ ആളുകള്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. എന്നിരുന്നാലും, ഈ സമന്‍സുകള്‍ ഈ അഴിമതിക്കെതിരായ കെജ്രിവാളിന്റെ പോരാട്ടത്തെ തടയില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും മാതൃക രാജ്യത്തിന് നല്‍കിയതും ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിച്ചതും അരവിന്ദ് കെജ്രിവാളാണ്. ആദായനികുതി കമ്മീഷണര്‍ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരെ 13 ദിവസം നിരാഹാരം കിടന്നത് രാജ്യത്തിന് വേണ്ടിയാണ്, നിങ്ങളുടെ ഈ നോട്ടിസില്‍ അദ്ദേഹം തന്റെ സമരം അവസാനിക്കില്ലെന്നും സഞ്ജയ സിങ് പറഞ്ഞു.