ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമായിരിക്കുമെന്ന പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്. മോഡല്‍ ടൗണ്‍ മണ്ഡലം സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്കാണു കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
”ഷാഹീന്‍ ബാഗില്‍ പാക്കിസ്ഥാന് പ്രവേശിച്ചിരിക്കുന്നു. ഡല്‍ഹിയിൽ നിരവധി മിനി പാക്കിസ്ഥാനുകള്‍ രൂപം കൊള്ളുകയാണ്. ഷഹീന് ബാഗ്, ചന്ദ്ബാഗ്, ഇന്ദ്രലോക് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നിയമം പാലിക്കപ്പെടുന്നില്ല. ഡല്‍ഹിയിലെ റോഡുകള്‍ പാക് കലാപകാരികള്‍ ഏറ്റെടുത്തു,” ഇന്നലെ നിരവധി ട്വീറ്റുകളിലായി കപില്‍ മിശ്ര പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലായിരുന്നു മിശ്രയുടെ വിവാദ പരാമര്‍ശം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 1 (1) വകുപ്പ്, ജനപ്രാതിനിധ്യ നിയമത്തിലെ 123 (3 എ) വകുപ്പ് എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണു റിട്ടേണിങ് ഓഫീസര്‍ കപില്‍ മിശ്രയ്ക്കു നോട്ടീസ് നല്‍കിയത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളില്‍ ബോധിപ്പിക്കാനാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നല്കാതിരുന്നാലോ മറുപടി തൃപ്തികരമല്ലെങ്കിലോ തുടര്‍ അറിയിപ്പ് നല്‍കാതെ നടപടിയെടുക്കുമെന്നു നോട്ടീസില്‍ പറയുന്നു.
Read Also: കേസുകളില്‍ തിരിച്ചടി; സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ബാലനീതി നിയമം പ്രയോഗിച്ച് യുപി പൊലീസ്
വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച കപില്‍ മിശ്ര പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി. ”ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞതായി കരുതുന്നില്ല. സത്യം സംസാരിക്കുന്നത് ഈ രാജ്യത്ത് കുറ്റകരമല്ല. ഞാന്‍ സത്യം സംസാരിച്ചു. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു,” മിശ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഷഹീന് ബാഗില്‍ റോഡുകള്‍ കൈയേറുന്നു. ജനങ്ങളെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും പോകാന്‍ അനുവദിക്കുന്നില്ല. ഷഹീന് ബാഗിനൊപ്പം നില്ക്കുന്നുവെന്നു മനീഷ് സിസോദിയ പറഞ്ഞത് ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നു വ്യക്തമാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്വീറ്റ് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
അതേസമയം, വിവിധ ജാതികളും സമുദായങ്ങളും തമ്മിലുള്ളതോ മതപരമോ ഭാഷാപരമോ ആയ ഭിന്നതകളോ സംഘര്‍ഷ സാധ്യതകളോ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉള്പ്പെടരുതെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം പറയുന്നത്.