ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കടന്നാക്രമിച്ചു കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹി തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് അരവിന്ദ് കേജ്‌രിവാൾ സർക്കാർ ബിരിയാണി വിതരണം ചെയ്യുന്നുവെന്ന് ആദിത്യനാഥ് വിമർശിച്ചു.

“കേജ്‌രിവാളിന് ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും കഴിയില്ല… ഒരു (ബിഐഎസ്) സർവേ പ്രകാരം ഡൽഹി സർക്കാർ ജനങ്ങളെ വിഷ ജലം കുടിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഷഹീൻ ബാഗിലും മറ്റിടങ്ങളിലും പ്രതിഷേധിക്കുന്നവർക്കും അവർ ബിരിയാണി വിതരണം ചെയ്യുന്നു,” ശനിയാഴ്ച ഡൽഹിയിൽ നടന്ന നാല് റാലികളിൽ പങ്കെടുത്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.

Read More: വർഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; മുംബൈയിൽ പിണറായി വിജയൻ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതൽ തങ്ങൾ തീവ്രവാദികളെ തിരിച്ചറിയുകയും അവർക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകൾ നൽകുകയും ചെയ്യുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

ഡൽഹിയിലെ കരവാൽ നഗർ, ആദർശ് നഗർ, നരേല, രോഹിണി എന്നിവിടങ്ങളിൽ നടന്ന റാലികളിൽ യോഗി ആദിത്യനാഥിന്റെ മിക്ക പ്രസംഗങ്ങളും ഇപ്പോൾ പരിചിതമായ ബിരിയാണി, ബുള്ളറ്റുകൾ, പാക്കിസ്ഥാൻ എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്. “കശ്മീരില്‍ കല്ലെറിയുന്നവര്‍ പാക്കിസ്ഥാനിൽ നിന്ന് പണം കൈപറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. കേജ്‌രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. അതുപോലെ പാക്കിസ്ഥാന്‍ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയയ്ക്കും. കേജ്‌രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണ്,” ഡല്‍ഹിയില്‍ സംഘടിപ്പിച്ച മറ്റൊരു റാലിയില്‍ യോഗി പറഞ്ഞു.

“കേജ്‌രിവാളിന് മെട്രോയോ ശുദ്ധമായ വെള്ളമോ വൈദ്യുതിയോ ആവശ്യമില്ല, അദ്ദേഹത്തിന് ഷഹീൻ ബാഗ് മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾക്ക് മെട്രോയും റോഡുകളും വേണോ അതോ ഷഹീൻ ബാഗ് വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക. വികസനത്തിനല്ല പ്രതിഷേധക്കാർക്ക് ബിരിയാണി നൽകുന്നതിനാണ് കേജ്‌രിവാൾ പണം നിക്ഷേപിക്കുന്നത്,” ഡൽഹി മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.

1947 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തിന് പിന്നിൽ പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുന്നവരുടെ പൂർവികരാണെന്ന് കിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബിജെപി നേതാവ് അവകാശപ്പെട്ടു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്താലല്ല, മറിച്ച് ഇന്ത്യ ആഗോള ശക്തിയാകുന്നത് തടയാൻ ഈ ആളുകൾ ആഗ്രഹിക്കുന്നതിനാലാണ് അവ സംഭവിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook