തിരുവനന്തപുരം: ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ തകർപ്പൻ ജയം നേടിയ കേജ്‌രിവാളിനും ആം ആദ്‌മിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു. രാജ്യത്തെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിനു ഡൽഹി തിരഞ്ഞെടുപ്പ് വിജയം ഒരു സൂചകമാകട്ടെ എന്നും പിണറായി വിജയൻ പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ഒരു പാഠമാണ്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ആം ആദ്‌മിക്കൊപ്പം ചേർന്നു നിൽക്കാൻ കോൺഗ്രസിനു സാധിച്ചില്ല. ബിജെപിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നിൽക്കാൻ ബദൽ ശക്തിയുണ്ടെങ്കിൽ അതിനൊപ്പം ചേർന്നു നിൽക്കാനുള്ള ജനങ്ങളുടെ താൽപര്യമാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനു ലഭിച്ച മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി രാഷ്ട്രീയ നേതാക്കൾ കേജ്‌രിവാളിനെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേജ്‌രിവാളിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തു. വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഭിന്നിപ്പ് രാഷ്ട്രീയത്തിലൂടെയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാമെന്ന് വിശ്വസിക്കുന്നവർക്ക് ഡൽഹി തിരഞ്ഞെടുപ്പ് വിജയം ബോധ്യം നൽകട്ടെ എന്നു മമത പറഞ്ഞു.

Read Also: വിമാനയാത്രക്കിടെ മോഷണം; ടിക്കാറാം മീണയുടെ 75,000 രൂപ നഷ്‌ടമായി

ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും കേജ്‌രിവാളിനെ അഭിനന്ദിച്ചു. വർഗീയ രാഷ്ട്രീയത്തിനു മുകളിലാണ് വികസനമെന്ന് ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിക്കപ്പെട്ടു എന്നു സ്റ്റാലിൽ പറഞ്ഞു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കേജ്‌രിവാളിനെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും കേജ്‌രിവാളിനെ അഭിനന്ദനം അറിയിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook