ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നാണംകെട്ട തോൽവിക്കു പിന്നാലെ രാജിവച്ച് പി.സി.ചാക്കോ. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനമാണ് പി.സി.ചാക്കോ രാജിവച്ചത്. തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നാണ് സൂചന. ഡൽഹിയിൽ ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് താൻ നേരത്തെ തന്നെ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നതായി പി.സി.ചാക്കോ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് പി.സി.ചാക്കോയാണ്.

അതിദയനീയമായ തോൽവിയാണ് കോൺഗ്രസ് രാജ്യതലസ്ഥാനത്തു ഏറ്റുവാങ്ങിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച 95 ശതമാനം കോൺഗ്രസ് സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്‌ടമായി. എഴുപത് നിയമസഭാ മണ്ഡലങ്ങളുള്ള ഡൽഹിയിലെ 63 കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് തിരഞ്ഞെടുപ്പിനായി കെട്ടിവച്ച പണം നഷ്‌ടമായത്. 66 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ആകെ സ്ഥാനാർഥികളെ നിർത്തിയത്. അതായത് കെട്ടിവച്ച കാശ് നഷ്‌ടപ്പെടാത്ത മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണുള്ളത്.

Read Also: വാർത്ത വായിക്കുന്നതിനിടെ മികച്ച അവതാരകയ്‌ക്കുള്ള അവാർഡ് കിട്ടിയാലോ? ദാ, ഇങ്ങനെയിരിക്കും

ഒരു സീറ്റിൽ പോലും കോൺഗ്രസ് സ്ഥാനാർഥിക്ക് ജയിക്കാൻ സാധിച്ചില്ല. തുടർച്ചയായി രണ്ടാം തവണയാണ് ഡൽഹിയിൽ ഒരു സീറ്റുപോലും കോൺഗ്രസിന് ലഭിക്കാതിരിക്കുന്നത്. ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിനാണ് ഇത്ര ഗതികേട് നേരിടേണ്ടി വന്നത്.

ഡൽഹി തിരഞ്ഞെടുപ്പിൽ 4.26 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. ആം ആദ്‌മി 53 ശതമാനം വോട്ടും ബിജെപി 38 ശതമാനം വോട്ടും നേടി. കോൺഗ്രസ് വോട്ടുകൾ ആം ആദ്‌മിയിലേക്ക് പോയിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിൽ ഒരു തിരിച്ചുവരവ് കോൺഗ്രസ് നടത്തുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായി.

Read Also: ആ സീൻ കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു എങ്ങനെയാ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചതെന്ന്

അതേസമയം, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ആം ആദ്‌മി സ്വന്തമാക്കിയത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 70 സീറ്റുകളുള്ള നിയമസഭയിൽ 62 അംഗങ്ങളുമായാണ് ആം ആദ്‌മി വീണ്ടും അധികാരത്തിലെത്തുന്നത്. തുടർച്ചയായ മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയാകും.

കഴിഞ്ഞ തവണത്തേക്കാളും നില മെച്ചപ്പെടുത്താനായെങ്കിലും രണ്ടക്കം കടക്കാൻ പോലും ബിജെപിക്ക് സാധിക്കാതെ പോയത് തിരിച്ചടിയായി. എട്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് മൂന്നായിരുന്നു. കോൺഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല. നാണംകെട്ട തോൽവിക്ക് പിന്നാലെ ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook