ന്യൂഡൽഹി: 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തേക്കാൾ മികച്ച പ്രകടനമാണ് 2020 ലേക്ക് എത്തിയപ്പോൾ ഡൽഹിയിൽ ബിജെപി നടത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ വോട്ട് ശതമാനം 39 ശതമാനം ആയി. 2015 ൽ ഇത് 32 ശതമാനമായിരുന്നു. ഏകദേശം ഏഴ് ശതമാനത്തോളം വോട്ടുകളാണ് ഇത്തവണ ബിജെപിക്ക് വർധിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് മൂന്ന് സീറ്റ് മാത്രമായിരുന്നു. ഇത്തവണ അതിൽ നിന്നു ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. 12 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരു സമയത്ത് 20 സീറ്റുകളിൽ വരെ ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്തിരുന്നു. മാത്രമല്ല, ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ട പല മണ്ഡലങ്ങളിലും നേരിയ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആം ആദ്‌മി സ്ഥാനാർഥിക്കുള്ളത്. അതേസമയം, 2019 ലോക്‌സഭാ തിരഞ്ഞടുപ്പിൽ ബിജെപിക്ക് 56 ശതമാനം വോട്ട് ലഭിച്ചിരുന്നു. ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപി തൂത്തുവാരുകയും ചെയ്‌തതാണ്. എന്നാൽ, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുക്കാൻ ബിജെപിക്ക് സാധിച്ചില്ല.
Read Also: Delhi Assembly Election Result 2020 Live: ലീഡ് നില ഉയർത്തി ആം ആദ്‌മി, ബിജെപി 12 സീറ്റിൽ മാത്രം
2015 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനം വോട്ട് മാത്രമാണ് ഇത്തവണ ആം ആദ്‌മിക്ക് കുറഞ്ഞത്. കഴിഞ്ഞ തവണ 67 സീറ്റ് നേടിയാണ് ആം ആദ്‌മി അധികാരത്തിലെത്തിയത്. ഇത്തവണ അത് 58 ലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.
കോൺഗ്രസാകട്ടെ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ല. ഒരു സീറ്റുപോലും കോൺഗ്രസിന് നേടാൻ സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സംപൂജ്യരായിരുന്നു. ഇത്തവണ മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും വെറും നാല് ശതമാനം വോട്ടിലൊതുങ്ങി കോൺഗ്രസ്.