സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘ചൂലു’മായി ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി (എഎപി) വീണ്ടും ഡല്‍ഹി തൂത്തുവാരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കേജ്രിവാൾ എന്നല്ലാതെ മറ്റൊരു പേരില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ‘തീവവ്രാദി’യെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്ന സംഘ (ടുക്ടെ ടുക്ടെ ഗാങ്)ത്തിനു സഹായം നല്‍കുന്നയാളെന്നും കേജ്രിവാളിനെ ആക്രമിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ബിജെപിയുടെ പ്രചാരണം. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഇളക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നതാണു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. നരേന്ദ്ര മോദിക്കെതിരായ പുതിയ ദേശീയ നേതൃത്വമെന്നാണു കേജ്രിവാളിനെ എഎപി വിശേഷിപ്പിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാംവട്ടമാണ് അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. കേജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി 2013ലാണ് ആദ്യമായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയത്. എഴുപതംഗ നിയമസഭയില്‍ 28 സീറ്റ് നേടിയ എഎപി എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 32 സീറ്റ് നേടിയ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് എഎപിക്ക് അവസരം ലഭിച്ചത്. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായെങ്കിലും 49 ദിവസം മാത്രമായിരുന്നു എഎപി സര്‍ക്കാരിന്റെ ആയുസ്. 2014 ഫെബ്രുവരിയില്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ അട്ടിമറിച്ചാണ് കേജ്രിവാൾ ആദ്യമായി നിയമസഭയിലെത്തിയത്.
ഒരു വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രപതി ഭരണത്തിനൊടുവില്‍ 2015ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡല്‍ഹി ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. 70 സീറ്റുകളില്‍ 67 ഉം പാര്‍ട്ടി സ്വന്തമാക്കി. ബിജെപി മൂന്നു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിനു സീറ്റൊന്നും ലഭിച്ചില്ല. ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ നൂപുര്‍ ശര്‍മയെ 31,583 വോട്ടിനു തോല്‍പ്പിച്ച കേജ്രിവാൾ വീണ്ടും മുഖ്യമന്ത്രിയായി. ഇതേ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർഥി സുനിൽ യാദവിനെതിരെയാണു കേജ്രിവാളിന്റെ മുന്നേറ്റം.
ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാപകനും ദേശീയ കണ്‍വീനറുമായ കേജ്രിവാൾ 2006ല്‍ ഉയര്‍ന്നുവരുന്ന നേതൃത്വത്തിനുള്ള റാമോണ്‍ മഗ്സസെ അവാര്‍ഡ് ലഭിച്ചതോടെയാണു ശ്രദ്ധേയനായത്. അഴിമതിക്കെതിരായ പോരാട്ടത്തിലും വിവരാവകാശ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചതിനും അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടു. 2011 ല്‍ കേജ്രിവാളും അണ്ണ ഹസാരെയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഇന്ത്യ എഗയിന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) എന്ന ഗ്രൂപ്പ് രൂപീകരിച്ചു. ജന ലോക്പാൽ ബില്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെതിരായ ഐഎസിയുടെ പ്രക്ഷോഭം വ്യാപക ശ്രദ്ധ നേടി. ഈ പോരാട്ടം കേജ്രിവാളിനു ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു.
രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന തന്റെ നിലപാട് സംബന്ധിച്ച് അണ്ണാ ഹസാരെയുമായി ഉടലെടുത്ത ഭിന്നതയാണ് അരവിന്ദ് കെജ്രിവാളിനെ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. 2012 ഒക്ടോബര്‍ രണ്ടിനാണു രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത്. നവംബര്‍ 26 ന് ഔദ്യോഗികമായി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യമായി മത്സരിച്ചു.
ഐഐടി വിദ്യാഭ്യാസം നേടിയ അരവിന്ദ് കേജ്രിവാൾ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. ഹരിയാനയിലെ ഭിവാനിയില്‍ മധ്യവര്‍ഗ കുടുംബത്തില്‍ ഗോബിന്ദ് റാം കേജ്രിവാള്- ഗീതാദേവി ദമ്പതികളുടെ മൂത്ത മകനായി 1968 ഓഗസ്റ്റ് 16നായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ജനനം. പിതാവ് മെസ്രയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇലക്ട്രിക്കല്‍ എന്ജനീയറായിരുന്നു. ഗാസിയാബാദ്, ഹിസാര്‍, സോനെപത് തുടങ്ങിയ പട്ടണങ്ങളിലായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ബാല്യകാലം. ഹിസാറിലെ കാമ്പസ് സ്കൂള്‍, സോനെപത് ക്രിസ്ത്യന്‍ മിഷനറി ഹോളി ചൈല്‍ഡ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് 1989 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയില്‍ രാമകൃഷ്ണ മിഷനിലും നെഹ്രു യുവകേന്ദ്രയിലും കുറച്ചുകാലം ചെലവഴിച്ച കേജ്രിവാൾ 1989 ല്‍ ജംഷഡ്പൂരിലെ ടാറ്റ സ്റ്റീലില്‍ ചേര്‍ന്നു. 1992 ല്‍ ജോലിയില്‍നിന്ന് രാജിവച്ച അദ്ദേഹം അതേ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. 2006 ല്‍ ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് രാജിവച്ചു. മസൂറിയിലെ നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ബാച്ച് മേറ്റായ സുനിതയെയാണ് അരവിന്ദ് കേജ്രിവാൾ വിവാഹം കഴിച്ചത്. ഹര്‍ഷിത, പുല്‍കിത് എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.
ലാളിത്യത്തിന്റെ ആൾരൂപമായാണ് അരവിന്ദ് കേജ്രിവാൾ ഡൽഹിയുടെ ജനമനസിൽ ഇടംനേടിയത്. സൗജന്യ വൈദ്യുതി, കുടിവെള്ളം പദ്ധതികൾ, സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മികച്ച മുന്നേറ്റം എന്നിവയാണു സാധാരണക്കാരന്റെ പാര്‍ട്ടി എന്ന വിശേഷണവുമായി അധികാരത്തിലെത്തിയ എഎപിക്ക് ഇത്തവണ തുണയായത്. എഎപി സർക്കാരിന്റെ ജനപ്രിയ മൊഹല്ല ക്ലിനിക്കുകൾ തിരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളിലൊന്നായി. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമാക്കിയതും നിത്യേന 700 ലിറ്റര്‍ സൗജന്യമായി വെള്ളം നല്കിയതും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെയും ഇടത്തരക്കാരെയും ആം ആദ്മിക്കൊപ്പം നിർത്തി.
എന്നാല്‍ തന്റെ പ്രതിച്ഛായ ഉപയോഗിച്ച് ഡല്‍ഹിക്കു പുറത്ത് ആം ആദ്മി പാര്‍ട്ടിക്കു വേരുണ്ടാക്കാന്‍ കേജ്രിവാളിനു കഴിഞ്ഞിട്ടില്ല. പഞ്ചാബിലും ഗോവയിലും ഒരുസമയത്ത് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷയായെങ്കിലും പിന്നീട് സ്വാധീനം ഡല്‍ഹിയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. 2014 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് കേജ്രിവാള് മത്സരിച്ചെങ്കിലും നാലു ലക്ഷം വോട്ടിനു പരാജയപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരെ ദേശവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിലൊന്നും കേജ്രിവാളിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഷഹീന് ബാഗിലും ജെഎന്‍യുവിലും ജാമിയ മില്ലയിലും അലിഗഡിലും പ്രക്ഷോഭകരെ പൊലീസ് വേട്ടയാടിയപ്പോള്‍ കേജ്രിവാൾ മൗനം പാലിച്ചു. ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ടാണെന്ന വിമര്‍ശനമുയര്‍ന്നു. 2011 -ലെ സെന്‍സസ് ഡാറ്റ പ്രകാരം ഡല്‍ഹിയില്‍ 82 ശതമാനമാണു ഹിന്ദു ജനസംഖ്യ. 12 ശതമാനത്തോളം മാത്രമാണു മുസ്ലിം ജനസംഖ്യ.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രധാന നേതാവായി അരവിന്ദ് കേജ്രിവാൾ പൊതുവെ ഉയര്ത്തിക്കാട്ടപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ അതുണ്ടായില്ല. അതേസമയം, അധികാരങ്ങള്‍ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാരുമായി നിരന്തര ഏറ്റുമുട്ടലിലായിരുന്നു.