Delhi Election Results 2020: ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ തേരോട്ടം. 2015 നു സമാനമായ രീതിയിലാണ് ആം ആദ്മി വിജയത്തിലേക്ക് അടുക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ആകെയുള്ള 70 സീറ്റിൽ 64 ഇടത്തും ആം ആദ്മിയാണ് മുന്നേറുന്നത്. 2015 ലെ വോട്ട് വിഹിതത്തേക്കാൾ നേരിയ കുറവു മാത്രമാണ് ഇത്തവണ ആം ആദ്മിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
അരവിന്ദ് കേജ്രിവാൾ മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്താൻ പോകുകയാണ്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിച്ച കേജ്രിവാൾ 20,000ത്തിൽ അധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഭൂരിപക്ഷം ഇനിയും വർധിക്കും. അതേസമയം, 2015 ലെ ഭൂരിപക്ഷത്തിന്റെ പകുതിപോലും ആയിട്ടില്ല ഇപ്പോഴത്തെ കേജ്രിവാളിന്റെ ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു വിജയിച്ചത് 31,583 വോട്ടുകൾക്കാണ്.
ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ മുഖ്യ നേതാക്കളിൽ ഒരാളുമായ മനീഷ് സിസോദിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പട്പട്ഗഞ്ച് മണ്ഡലത്തിൽ നിന്നു വിജയിച്ചത്. ഏറെ നേരം പിന്നിൽ നിന്ന ശേഷമാണ് സിസോദിയ വിജയിച്ചത്. ആം ആദ്മി പ്രവർത്തകരെ ഉദ്വേഗത്തിലാക്കിയ നിമിഷങ്ങളായിരുന്നു അത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 28,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സിസോദിയ ഇത്തവണ 2073 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിൽ ഒതുങ്ങി.
മാൽവിയ നഗർ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർഥി സോമനാഥ് ഭാരതി പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബാബർപൂരിൽ ആം ആദ്മി സ്ഥാനാർഥി ഗോപാൽ റായി 29,000 ത്തോളം വോട്ടുകൾക്ക് വിജയിച്ചു. ഷഹീൻബാഗ് ഉൾപ്പെടുന്ന ഒഖ്ല മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർഥിയാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ സിഎഎ പ്രതിഷേധങ്ങൾ അരങ്ങേറിയത് ഷഹീൻബാഗിലാണ്. സിഎഎക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധിച്ചവർക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ ഒഖ്ല മണ്ഡലത്തിലെ ആം ആദ്മിയുടെ വിജയം ഏറെ ശ്രദ്ധേയമാണ്. ആം ആദ്മി സ്ഥാനാർഥി അമാനത്തുള്ള ഖാനാണ് 37,000 ത്തിലേറെ വോട്ടുകൾക്ക് ഒഖ്ലയിൽ വിജയിച്ചത്. കൽക്കാജി മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർഥി അതിഷി 11,000 ത്തിലേറെ വോട്ടുകൾക്ക് വിജയമുറപ്പിച്ചു.
Read Also: വിമാനയാത്രക്കിടെ മോഷണം; ടിക്കാറാം മീണയുടെ 75,000 രൂപ നഷ്ടമായി
ചാന്ദ്നി ചൗകില്‍ നിന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അൽക്ക ലാംബ കനത്ത പരാജയമേറ്റുവാങ്ങി. 2015 ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർഥിയായി മത്സരിച്ചു 18,287 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വനിതാ നേതാവാണ് അൽക ലാംബ. പിന്നീട് ആം ആദ്മിയിൽ നിന്നു തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിലേക്ക് എത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നു ജനവിധി തേടിയ അൽക ലാംബ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.
രോഹിണി മണ്ഡലം ബിജെപി നിലനിർത്തി. സിറ്റിങ് എംഎൽഎയായ വിജേന്ദർ കുമാർ 9,000 ത്തിലേറെ വോട്ടുകൾക്കാണ് രോഹിണിയിൽ നിന്നു നിയമസഭയിൽ എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5367 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജേന്ദർ കുമാർ വിജയിച്ചത്.
മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടിയ ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്ര 11,000 ത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. ആം ആദ്മിയില്‍ നിന്നു ബിജെപിയിലേക്ക് കൂടുമാറിയ നേതാവാണ് കപില്‍ മിശ്ര. കഴിഞ്ഞ തവണ ആം ആദ്മി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ 44,000 ത്തിലേറെ വോട്ടുകൾക്ക് കപിൽ മിശ്ര വിജയിച്ചിരുന്നു. 2019 ഡിസംബർ വരെ ആം ആദ്മി മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു.