Delhi Election Result 2020: തിരഞ്ഞെടുപ്പിൽ തിളക്കമുള്ള വിജയം സ്വന്തമാക്കിയിട്ടും പടക്കം പൊട്ടിച്ച് ആഘോഷിക്കാതെ ആം ആദ്മി പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പിൽ വിജയിച്ചാലും പാർട്ടി പ്രവർത്തകരൊന്നും പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കേജ്രിവാൾ പറഞ്ഞിരുന്നു. കേജ്രിവാൾ പറഞ്ഞതു അക്ഷരംപ്രതി അനുസരിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ആം ആദ്മി ആസ്ഥാനത്ത് കാണുന്നത്.
അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായി പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നാണ് കേജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞത്. മധുരം നൽകിയും പ്രകടനങ്ങൾ നടത്തിയും ആം ആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങി. എന്നാൽ, എവിടെയും കരിമരുന്ന് ഉപയോഗം നടന്നിട്ടില്ല. പാർട്ടി ഓഫീസ് ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തുടങ്ങും മുൻപേ പാർട്ടി ഓഫീസുകളിൽ ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു.
Read Also: ഡൽഹി ‘തൂത്തുവാരുന്ന’ സാധാരണക്കാരൻ; അറിയാം കേജ്രിവാളിനെ
ഡൽഹി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആം ആദ്മി 54 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. അരവിന്ദ് കേജ്രിവാൾ മൂന്നാം തവണയാണ് ഡൽഹി മുഖ്യമന്ത്രിയാകുന്നത്. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.