ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് രാവിലെ എട്ടിനു ആരംഭിച്ച വോട്ടെടുപ്പ് വെെകിട്ട് ആറോടെ പൂർത്തിയായി. അറുപത് ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അന്തിമ കണക്ക് ലഭ്യമായിട്ടില്ല.

വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ ബിജെപിക്ക് സാധിക്കുമെന്നും ചില എക്‌സിറ്റ് പോൾ പ്രവചനങ്ങളുണ്ട്.

Read Also: ‘ആർത്തവം കഴിഞ്ഞതിനാൽ പതിനാലുകാരിയുടെ വിവാഹത്തിന് സാധുതയുണ്ട്;’ വിചിത്ര വിധിയുമായി കോടതി

ടൈംസ് നൗ സര്‍വേയില്‍ ആകെയുള്ള 70 സീറ്റുകളിൽ 44 സീറ്റുകള്‍ നേടി ആം ആദ്‌മി ഭരണം നിലനിർത്തുമെന്ന് പറയുന്നു. ബിജെപി 26 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. 51 ശതമാനം വോട്ട് ബിജെപി നേടുമ്പോൾ 40.5 ശതമാനം വോട്ട് ബിജെപി നേടുമെന്നും ടൈംസ് നൗ സര്‍വേയില്‍ പറയുന്നു.

ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് ഇന്ത്യ ടുഡെ-ആക്‌സിസ് പോൾ സർവേ ഫലം. പടിഞ്ഞാറൻ ഡൽഹിയിലെ എല്ലാ സീറ്റുകളും ആം ആദ്‌മി തൂത്തുവാരുമെന്നാണ് ഇന്ത്യ ടുഡെ പ്രവചിക്കുന്നത്. പടിഞ്ഞാറൻ ഡൽഹിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സർവേയിൽ പറയുന്നു.

Read Also: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: ഷഹീൻബാഗിൽ വോട്ടർമാരുടെ നീണ്ടനിര, ചിത്രങ്ങൾ

ന്യൂസ് എക്‌സ് സർവേ ആം ആദ്‌മി 53 മുതൽ 57 വരെ സീറ്റുകൾ നേടി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയുടെ നേട്ടം 13 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് – സീ വോട്ടർ സർവേയും ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നു. 49-63 സീറ്റുകൾ ആം ആദ്‌മി നേടുമെന്നാണ് പ്രവചനം. ബിജെപി 5-19 വരെ സീറ്റുകൾ നേടിയേക്കാം. കോൺഗ്രസ് 0-4 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എബിപി സർവേയിൽ പറയുന്നു.

ടിവി ഭാരത്‌വർഷ് എക്‌സിറ്റ് പോളിൽ ആം ആദ്‌മി 54 സീറ്റും ബിജെപി 15 സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയും ആം ആദ്‌മിക്ക് മുൻതൂക്കം പ്രവചിക്കുന്നു. ആം ആദ്‌മി 48 മുതൽ 61 വരെ സീറ്റ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. ഒൻപത് മുതൽ 19 വരെ സീറ്റുകൾ ബിജെപി നേടുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.

Read Also: ഓർമയില്ലെങ്കിൽ പോയി ചോദിക്കൂ; ബിഗ് ബോസിൽ നിയന്ത്രണം വിട്ട് മോഹൻലാൽ

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook