ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവയ്ക്കു പ്രാധാന്യം നൽകിയുള്ളതാണ് മാനിഫെസ്റ്റോ. ഡൽഹിയിൽ 24 മണിക്കൂർ വെെദ്യുതി ലഭിക്കുമെന്ന വാഗ്ദാനവും ആം ആദ്മിയുടെ മാനിഫെസ്റ്റോയിലുണ്ട്.
ഡൽഹി ജൻ ലോക്പാൽ ബിൽ പാസാക്കുമെന്ന് ആം ആദ്മിയുടെ മാനിഫെസ്റ്റോയിൽ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കയെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രകടന പത്രിക പ്രകാശനം ചെയ്തത്. സ്കൂളുകളിൽ ദേശഭക്തി ക്ലാസുകൾ സംഘടിപ്പിക്കും, സ്വരാജ് ബിൽ പാസാക്കും, റേഷൻ വീടുകളിലെത്തിക്കും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരു കോടി ധനസഹായം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.
Read Also: ആകാശത്തുവച്ച് കുഞ്ഞിനു ജന്മം നൽകി; സഹായത്തിനെത്തിയത് ക്യാബിൻ ക്രൂ
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ അരവിന്ദ് കേജ്രിവാൾ ബിജെപിയെ വെല്ലുവിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ധെെര്യമുണ്ടോ എന്ന് കേജ്രിവാൾ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയുമായി സംവാദത്തിനു തയ്യാറാണെന്നും ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കേജ്രിവാൾ പറഞ്ഞു.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്മിയും ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം, കേജ്രിവാളിന്റെ വികസന നേട്ടങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നൽകുമെന്നാണ് ആം ആദ്മിയുടെ വിശ്വാസം.
Read Also: പൗരത്വ ഭേദഗതി നിയമം: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിനു നോട്ടീസ്
അതേസമയം, തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തുവന്ന എല്ലാ സർവേകളിലും ആം ആദ്മിക്ക് തന്നെയാണ് മേൽക്കെെ. കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈംസ് നൗ സർവേയിൽ ആം ആദ്മി 54 മുതൽ 60 വരെ സീറ്റുകൾ നേടുമെന്ന് പറയുന്നു. ബിജെപിയുടെ നേട്ടം 10 മുതൽ 14 സീറ്റു വരെ ഒതുങ്ങുമെന്നും പ്രവചിക്കുന്നുണ്ട്. ആകെ 70 സീറ്റുകളാണ് ഡൽഹിയിലുള്ളത്.