ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്‌മി പാർട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നുതന്നെ ജനവിധി തേടും. തുടർച്ചയായി മൂന്നാം തവണയാണ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്‌പരഗഞ്ജിൽ മത്സരിക്കും.

70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ആം ആദ്‌മി പ്രഖ്യാപിച്ചു. നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്. എട്ട് വനിതാ സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. 2015 ൽ ആറ് വനിതാ സ്ഥാനാർഥികൾ മാത്രമാണ് ആം ആദ്‌മിക്കുണ്ടായിരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ എല്ലാവർക്കും ആശംസകളുമായി അരവിന്ദ് കെജ്‌രിവാൾ എത്തി. എല്ലാവർക്കും വിജയാശംസകൾ നേരുന്നു എന്നും ആം ആദ്‌മിയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മൂന്ന് പേരെ നിയമസഭയിലേക്ക് ആം ആദ്‌മി മത്സരിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11 ന് വോട്ടെണ്ണൽ. 2015 ൽ ആകെയുള്ള 70 സീറ്റിൽ 67 സീറ്റും വിജയിച്ചാണ് കെജ്‌രിവാൾ അധികാരം തുടർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 54.3 ശതമാനം വോട്ടാണ് ആം ആദ്‌മി നേടിയത്. ആം ആദ്‌മി തന്നെ അധികാരത്തിൽ തുടരുമെന്നാണ് ആദ്യ സർവേകളിൽ നിന്ന് വ്യക്തമാകുന്നത്.

Read Also: പണി തന്ന് ബിഎസ്എൻഎൽ; പ്രീപെയ്‌ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

അതേസമയം, ഡൽഹിയിൽ പ്രതീക്ഷയോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും ഡൽഹിയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. കെജ്‌രിവാളിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook