ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ വീണ്ടും സി ബി ഐ റെയ്ഡ്. എ എ പി സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു ഡല്‍ഹി സെക്രട്ടേറിയറ്റിലെ ഓഫിസില്‍ റെയ്ഡ് നടത്തിയത്.
മദ്യനയത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഓഗസ്റ്റില്‍ സിസോദിയയുടെ വസതിയിലും ഓഫീസിലും സി ബി ഐ പരിശോധന നടത്തിയിരുന്നു. ഇന്ന് റെയ്ഡിനു പിന്നാലെ ഇക്കാര്യം സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
”സി ബി ഐ ഇന്നു വീണ്ടും എന്റെ ഓഫീസില്‍ എത്തിയിരിക്കുന്നു. അവര്‍ക്കു സ്വാഗതം. അവര്‍ എന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു. ലോക്കറുകള്‍ തിരഞ്ഞു. എന്റെ ഗ്രാമത്തില്‍ പോലും അന്വേഷണം നടത്തി. അന്നും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല, ഇപ്പോഴുമില്ല. ഒരു തെറ്റും ചെയ്തിട്ടില്ല, ഡല്‍ഹിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഞാന്‍ സത്യസന്ധമായാണു പ്രവര്‍ത്തിച്ചത്,” അദ്ദേഹം ട്വീറ്റ് ചെയ്തു.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപിച്ച് സിസോദിയയെയും മറ്റു 14 പേരെയും സി ബി ഐ പ്രതികളാക്കിയിരുന്നു. മദ്യനയത്തിലെ ക്രമക്കേടുകള്‍ക്കൊപ്പം കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കു മദ്യം വില്ക്കാന് അനുമതി നല്‍കിയെന്നാണു സി ബി ഐയുടെ ആരോപണം.