ന്യൂഡല്‍ഹി: ലഫറ്റനന്റ് ഗവർണറുടെ ഓഫിസിൽ എട്ട് ദിവസമായി നടത്തി വന്നിരുന്ന സമരം മുഖ്യമന്ത്രി കേജ്‌രിവാൾ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാമെന്ന് ഗവർണർ അനിൽ ബെയ്‌ജാൽ ഉറപ്പു നൽകിയതിനെത്തുടർന്നാണു സമരം പിൻവലിച്ചത്.

ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്‌ജാൽ കേജ്‌രിവാളിന് കത്തയച്ചിരുന്നു. വിഷയത്തിൽ ഗവർണർ ഇടപെട്ട സ്ഥിതിക്ക് ഇനി സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ആം ആദ്മി നേതാക്കൾ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഗവർണറുടെ നിർദ്ദേശം പുറത്ത് വന്നതിന് പിന്നാലെ ഡൽഹി പരിസ്ഥിതി മന്ത്രി സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വിവരമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഡല്‍ഹിയിലെ ജനങ്ങളുടെ താൽപര്യം മാനിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് ലഫ്. ഗവര്‍ണര്‍ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ