ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ). ആഘോഷങ്ങള്വേണ്ടിയുള്ള ഒരു പരിപാടിയും ഒത്തുചേരലും നഗരത്തില്‍ അനുവദിക്കില്ലെന്ന് ഡിഡിഎംഎ വ്യക്തമാക്കി.
ഡിസംബര്‍ പതിനഞ്ചിലെ ഉത്തരവ് പ്രകാരം സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ടെന്നും ഒത്തുചേരലുകള്‍ പാടില്ലെന്നും ഡിഡിഎംഎ അറിയിച്ചു. തലസ്ഥാന പ്രദേശത്ത് ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി സാംസ്കാരിക പരിപാടികളോ ഒത്തുചേചരലുകളോ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് പെരുമാറ്റച്ചട്ടങ്ങളുട വ്യാപകമായ ലംഘനം നിരവധി തവണ നടന്നിട്ടുണ്ടെന്നും ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും ഡിഡിഎംഎ ഉത്തരവില്‍ നിരീക്ഷിച്ചു. അതിനാല്‍, എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും അവരവരുടെ പ്രദേശങ്ങളില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധന നടത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഇതുവരെ 57 പേരിലാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവാകുന്ന എല്ലാ സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
Also Read: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 24
ഒമിക്രോണ്‍ കേസുകളുടെ കാര്യത്തില്‍ 54 എണ്ണം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണു ഡല്‍ഹിക്കു തൊട്ടുപിന്നില്‍. ഈ രണ്ടു സംസ്ഥാനങ്ങളില്‍നിന്നാണ് രാജ്യത്തെ മൊത്തം കേസുകളില്‍ ഭൂരിഭാഗവും. രാജ്യത്ത് ഇതുവരെ 213 ഒമിക്രോണ്‍ കേസുകളാണു സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 24 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നു മാത്രം ഒന്‍പതു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാര്‍, ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വാര് റൂമുകള്‍ സജീവമാക്കാനും രോഗവ്യാപനത്തിലുണ്ടാകുന്ന വര്‍ധനവ് വിശകലനം ചെയ്യാനും കേന്ദ്രം ആവശ്യപ്പെട്ടു.
കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ ആദ്യ സൂചനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ സ്ഥിരീകരിക്കുന്നതും കണക്കിലെടുത്ത് പ്രത്യേക നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് കേന്ദ്രം നിര്‍ദേശിച്ചു.