ന്യൂഡല്‍ഹി: മതപരമായ വ്രതത്തിനായി ജയിലില്‍ പ്രത്യേക ഭക്ഷണക്രമം വേണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
നട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട ഡയറ്റ് ജയില്‍ അധികൃതര്‍ പിന്‍വലിച്ചതിനാല്‍ ശരീരഭാരം 28 കിലോ കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പ്രത്യേക ജഡ്ജി വികാസ് ദുല്‍ ആണു തള്ളിയത്.
ജൈന ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നും കര്‍ശനമായ മതാചാരങ്ങള്‍ പുലര്‍ത്തുന്ന ആളായതിനാല്‍ പാകം ചെയ്ത ഭക്ഷണം, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് അദ്ദേഹം ഉപവാസമനുഷ്ഠിക്കുന്നതെന്നും ജെയിനിന്റെ അഭിഭാഷകര്‍ ബോധിപ്പിച്ചു.
”ജയിലിലുണ്ടായ വലിയ വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായ പരുക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹം എല്‍ എന്‍ ജെ പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിനു കോവിഡിനു ശേഷം ശ്വാസകോശത്തില്‍ പ്രശ്നങ്ങളുണ്ട്,” ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, ഹര്‍ജിയെ ജയില്‍ അധികൃതര്‍ എതിര്‍ത്തു. ഒരു തടവുകാരനു വേണ്ടിയുള്ള ക്രമീകരണമൊരുക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും അതു മറ്റു തടവുകാര്‍ പ്രത്യേക ഭക്ഷണക്രമത്തിനായി കോടതിയെ സമീപിക്കാന്‍ കഴിയുന്ന കീഴ്വഴക്കമായി മാറുമെന്നും ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജെയിനിനു നേരത്തെ നട്സ് നല്‍കിയിരുന്നു. പിന്നീട് ഈ അഭിപ്രായം മാറ്റിയതിനെത്തുടര്‍ന്ന് മറ്റു ഭക്ഷണങ്ങള്‍ വഴി പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചതായും ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയിന്റെ ഭക്ഷണം തങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്നും ജയില്‍ കാന്റീനില്‍നിന്ന് അദ്ദേഹം പഴങ്ങളും പച്ചക്കറികളും വാങ്ങുകയായിരുന്നുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചില ദിവസങ്ങളില്‍ കാന്റീനില്‍ പഴങ്ങളും പച്ചക്കറികളും ലഭ്യമല്ലെന്നു ജെയിനിന്റെ അഭിഭാഷകര്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത സത്യേന്ദര്‍ ജെയിനിനു ജയിലില്‍ വി ഐ പി പരിഗണനയാണു കിട്ടുന്നതെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സെല്ലില്‍വച്ച് അദ്ദേഹത്തിനു മറ്റൊരാള്‍ മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് മസാജ് അല്ലെന്നും ഫിസിയോ തെറപ്പിയാണെന്നുമാണ് എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് പറഞ്ഞത്.