ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുകയും ശത്രുത വളര്‍ത്തുകയും ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ജൂണ്‍ 27നാണു സുബൈര്‍ അറസ്റ്റിലായത്.
50,000 രൂപയുടെ ബോണ്ടിലാണു പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദേവേന്ദര്‍ കുമാര്‍ ജംഗല ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ഉത്തരവില്‍ പറയുന്നു.
2018-ല്‍ നടത്തിയ ട്വീറ്റിന്റെ പേരില്‍ ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) വിഭാഗമാണ് അറസ്റ്റ് ചെയ്തത്. സുബൈര്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലേക്കു നയിച്ച സുബൈറിന്റെ ട്വീറ്റ് ഉന്നയിച്ച അജ്ഞാത ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ജാമ്യഹര്‍ജിയിലെ വാദത്തിനിടെ പ്രതിഭാഗം ഉന്നയിച്ചു. ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ട്വീറ്റിനു കണക്കിലെടുക്കരുതെന്നും ജഡ്ജി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
സുബൈറിന്റെ ട്വീറ്റ് ആളുകളെ പ്രകോപിപ്പിക്കാനും ദുരുദ്ദേശ്യം ലക്ഷ്യമിട്ടിട്ടുമുള്ളതിനാല് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിദേശ ഫണ്ടി്ങ് സംബന്ധിച്ച വിഷയവും പൊലീസ് ഉന്നയിച്ചു. സുബൈര്‍ പേയ്മെന്റുകള്‍ സ്വീകരിച്ചതായും പണം കൈമാറിയ വ്യക്തികളുടെ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് ആരോപിച്ചു.
സുബൈറിന്റെ അഭിഭാഷകര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടാണു സുബൈറിന്റെ ട്വീറ്റ് പൊലീസിനു പരാതിയായി നല്‍കിയതെന്നും ഈ അക്കൗണ്ടിനു പിന്നിലുള്ള വ്യക്തി ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന് വാദിച്ചു. സുബൈര്‍ വിദേശ സംഭാവനകളൊന്നും വാങ്ങിയിട്ടില്ലെന്നും അവര്‍ വാദിച്ചു.
അതിനിടെ, മുഹമ്മദ് സുബൈറിനെതിരായ റജിസ്റ്റർ ചെയ്ത ആറ് കേസുകൾ അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു. ഹത്രാസ് ജില്ലയിൽ രണ്ടും സിതാപൂർ, ലഖിംപൂർ ഖേരി, ഗാസിയാബാദ്, മുസാഫർനഗർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണു റജിസ്റ്റർ ചെയ്തത്.