ന്യൂഡല്‍ഹി: അനധികൃത പണമിടപാട് കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി നീട്ടി. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 വരെ ശിവകുമാറിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കോടതി അനുമതി നല്കി.
ശിവകുമാറിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശം നല്‍കിയാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. ശിവകുമാറിന്റെ ആരോഗ്യത്തിനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നും അതിനുശേഷമായിരിക്കണം ചോദ്യം ചെയ്യലെന്നും ഡല്‍ഹിയിലെ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശിവകുമാറിനെ ചോദ്യം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി ഇഡി ജോയിന്റ് ഡയറക്ടറോടു നിർദേശിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: ‘പൊതുജന താല്പര്യാര്ഥം പ്രസിദ്ധീകരിക്കുന്നത്’; കേന്ദ്ര സര്‍ക്കാരിനെ ട്രോളി പ്രിയങ്ക ഗാന്ധി
ഒൻപതു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ ശിവകുമാറിനു ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി കോടതിയിൽ വാദിച്ചു. ശിവകുമാറിന്റെ രക്തസമ്മർദമുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ, കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇഡിയുടെ വാദം. ഒടുവിൽ നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടാൻ കോടതി തീരുമാനിക്കുകയായിരുന്നു.
ചോദ്യങ്ങളിൽനിന്നെല്ലാം ശിവകുമാർ ഒഴിഞ്ഞു മാറുകയാണെന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. ശിവകുമാറിന് 800 കോടിയുടെ ബെനാമി സ്വത്തുക്കൾ ഉണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറൽ കെ.എം. നടരാജ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ നിയമം അനുസരിക്കാന്‍ തയാറാണെന്നും എല്ലാ രേഖകളും ഇഡിക്കു നൽകാമെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന് 317 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചത്. എന്നാൽ, തനിക്ക് അഞ്ച് അക്കൗണ്ടുകൾ മാത്രമേ ഉള്ളൂവെന്ന് ശിവകുമാറും പറഞ്ഞു.