ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ഷെഹ്ല റാഷിദിനെ രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ 10 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നു കോടതി. ഷെഹ്ല നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിക്കൊണ്ടാണു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
കശ്മീര്‍ പ്രശ്നത്തില്‍ നടത്തിയ ട്വീറ്റുകളുടെ പേരിലാണു ഷെഹ്ലയ്ക്കെതിരേ ഡല്‍ഹി പൊലീസ് രാജ്യദ്രോഹ വകുപ്പ് ചുമത്തിയത്. കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് ഷഹ്ലയ്ക്ക് നവംബര്‍ അഞ്ചുവരെ കോടതി നേരത്തെ ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.
ജമ്മു കശ്മീരിനെ വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ താഴ്വരയില് കുട്ടികള്‍ക്കും യുവതയ്ക്കുമെതിരേ സൈന്യം അതിക്രമം നടത്തുന്നുവെന്നായിരുന്നു ഷെഹ്ലയുടെ ആരോപണം. ഓഗസ്റ്റ് 18നു നിരവധി ട്വീറ്റുകളിലൂടെയാണു ഷെഹ്ല ആരോപണമുന്നയിച്ചത്.
കശ്മീരിലെ സൈനിക വിഭാഗങ്ങള്‍ക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലാണു ഷെഹ്ലക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തയുടെ പരാതിയിലാണു പോലീസ് കേസെടുത്തത്.
ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന് വൈസ് പ്രസിഡന്റായ ഷെഹ്ല നിലവില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ ഭാഗമാണ്. കശ്മീരില്‍നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ രൂപം കൊടുത്ത പ്രസ്ഥാനമാണു പീപ്പിള്‍സ് മൂവ്മെന്റ്. ജോലി രാജിവച്ചശേഷമാണു ഷാ സംഘടന രൂപീകരിച്ചത്.