/indian-express-malayalam/media/media_files/ooTvGeaFJzlh1yQssJbf.jpg)
അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമ്മൻസുകൾ അവഗണിച്ചെന്ന പരാതിയിൽ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കി. ഉദ്യോഗസ്ഥരുടെ ഉത്തരവ് മനഃപൂർവം ലംഘിച്ചു എന്നാരോപിച്ച് ഇ.ഡി ഫയൽ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിലാണ് ഡൽഹി കോടതിയുടെ ഈ നിർണ്ണായക വിധി.
Also Read:ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാരിന്റെ നിർണായക ഇടപെടൽ; വരുന്നു കിൽ സ്വിച്ച്
ഹാജരാകാതിരിക്കുന്നത് എല്ലായ്‌പ്പോഴും മനഃപൂർവമുള്ള നിയമലംഘനമായി കാണാനാവില്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ നിരീക്ഷിച്ചു. സത്യമേവ ജയതേ എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ കെജ്‌രിവാളിന്റെ പ്രതികരണം.
ഇമെയിൽ വഴി സമ്മൻസ് അയക്കുന്നത് സി.ആർ.പി.സി പ്രകാരമോ പി.എം.എൽ.എ (PMLA) നിയമങ്ങൾ പ്രകാരമോ ഉള്ള കൃത്യമായ രീതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മൻസുകൾ നേരിട്ട് കൈമാറണമെന്നും അത് കൈപ്പറ്റിയെന്ന് ഉറപ്പുവരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
ഇമെയിൽ വഴി സമ്മൻസ് അയച്ചതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചില്ല. സാക്ഷികൾ നൽകിയ ഇമെയിൽ രേഖകളിൽ മെസേജ് ഐഡി, തീയതി, സമയം തുടങ്ങിയ അവശ്യവിവരങ്ങൾ കൃത്യമായിരുന്നില്ല.
Also Read:ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു
പി.എം.എൽ.എ നിയമത്തിൽ സമ്മൻസ് അയക്കുന്ന രീതിയെക്കുറിച്ച് വ്യക്തമായി പറയാത്ത സാഹചര്യത്തിൽ ഇ.ഡിക്ക് സ്വന്തം ഇഷ്ടപ്രകാരം രീതികൾ നിശ്ചയിക്കാനാവില്ലെന്നും പകരം സി.ആർ.പി.സി നിയമങ്ങൾ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ആറ് തവണ ഇ.ഡി സമ്മൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെ ഐ.പി.സി സെക്ഷൻ 174 പ്രകാരമാണ് ഇ.ഡി കേസെടുത്തത്. എന്നാൽ, മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണവും വിവിധ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്കുകളും കാരണമാണ് ഹാജരാകാൻ കഴിയാത്തതെന്ന് കെജ്‌രിവാൾ കോടതിയിൽ ബോധിപ്പിച്ചു. കൂടാതെ, രാഷ്ട്രീയമായി വേട്ടയാടാനാണ് സമ്മൻസുകൾ അയച്ചതെന്നും അദ്ദേഹം വാദിച്ചു.
Also Read:ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർക്ക് ദാരുണാന്ത്യം; ഏഴു പേർക്ക് പരിക്ക്
കെജ്‌രിവാളിനൊപ്പം സമാനമായ കേസിൽ പ്രതിയായിരുന്ന എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു അദ്ദേഹത്തിനെതിരെ സമ്മൻസ് ലംഘിച്ചതിന് കേസെടുത്തിരുന്നത്.
ഈ വിധി ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണ ഏജൻസികൾ നിയമവിരുദ്ധമായ രീതികളാണ് സ്വീകരിക്കുന്നതെന്ന തങ്ങളുടെ വാദം കോടതി ശരിവെച്ചതായി പാർട്ടി നേതൃത്വം പ്രതികരിച്ചു.
Read More:മണിപ്പൂരിൽ വീണ്ടും സംഘർഷം; യുവാവിനെ വെടിവെച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us