ന്യൂഡൽഹി:  കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് 18 കാരൻ അലറി കരയുന്നത് കേട്ടാണ് അയൽവാസികൾ ആ വീട്ടിലേക്ക് പോയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അവൻ തന്നെ വന്ന് വാതിൽ തുറന്നു. അകത്തെ മുറിയിലേക്ക് അവരെ കൊണ്ടുപോയി. രണ്ട് മുറികളിലായി അച്ഛനും അമ്മയും 16 കാരിയായ മകളും വെട്ടേറ്റ് മരിച്ച് കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്.

ദക്ഷിണ ഡൽഹിയിൽ വസന്ത് കുഞ്ചിനടുത്ത് കിസാൻഗഡിലാണ് സംഭവം. മിതിലേഷ് (45), ഭാര്യ സിയ (40), മകൾ നേഹ (16) എന്നിവരാണ് മരിച്ചത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകൻ സൂരജിനെ (18) ആണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തുമ്പോൾ  വീട് ഭാഗികമായി തകർക്കപ്പെട്ട നിലയിലാണ്. എന്നാൽ വീട്ടിനകത്തെ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല.

പുലർച്ചെ അഞ്ച് മണിയോടെയാണ് വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. അതിന് 30 മിനിറ്റ് മുൻപാണ് പ്രഭാത സവാരിക്കിറങ്ങിയവർ ഒന്നാം നിലയിലെ വീട്ടിൽ സൂരജിന്റെ അലർച്ച കേട്ട് ചെല്ലുന്നത്. ഉത്തർപ്രദേശിലെ കന്നോജ് എന്ന സ്ഥലത്ത് നിന്നുളളവരാണ് ഈ കുടുംബം.

തങ്ങൾ ഓടിയെത്തുമ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നാണ് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൂരജാണ് ഒരു താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് കൊടുത്തത്.

സൂരജിന്റെ കൈവിരലിൽ ചെറിയൊരു പരുക്ക് മാത്രമേയുളളൂ. അജ്ഞാതരായ രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറി എല്ലാവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. അക്രമികൾ തനിക്ക് നേരെ വന്നപ്പോൾ തന്നെ താൻ ബോധം കെട്ട് വീണുവെന്നും താൻ മരിച്ചതായി കരുതി അവർ തന്നെ വിട്ട് പോയതാകുമെന്നുമാണ് സൂരജ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വീട് അകത്ത് നിന്ന് പൂട്ടിയതെങ്ങിനെ എന്ന ചോദ്യത്തിന് അവന് ഉത്തരമില്ലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook