ന്യൂഡൽഹി: കൊറോണ വൈറസിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതിലേക്ക് ഡല്‍ഹി ജനത നീങ്ങുകയാണെന്നാണ് സീറോ സർവേ ഫലം. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അഞ്ചാമത്തെ സീറോസര്‍വേയിലാണ് പുതിയ കണ്ടെത്തൽ. 11 ജില്ലകളിലായി രണ്ട് കോടിയിലധികമാണ് ഡൽഹിയിലെ ജനസംഖ്യ.

ഡല്‍ഹിയിലെ ഒരു ജില്ലയില്‍ 50 മുതൽ 60 ശതമാനം വരെ ആളുകളില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇതിനര്‍ഥം അവരറിയാതെ തന്നെ രോഗം ബാധിച്ച് ഭേദമായെന്നാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച സർവേയ്ക്കായി നഗരത്തിലുടനീളം വിവിധ ജില്ലകളിൽ നിന്നുള്ള 25,000 ത്തിലധികം ആളുകളുടെ സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.

Read More: രാജ്യത്തിന് ഭക്ഷ്യ സ്വയംപര്യാപ്തത നൽകിയത് കർഷകർ; അവരെ അഭിവാദ്യം ചെയ്യുന്നു: രാഷ്ട്രപതി

“ഒരു ജില്ലയിൽ, സീറോ-വ്യാപന നിരക്ക് 50-60 ശതമാനം വരെയാണ്. ധാരാളം ആളുകളിൽ ആന്റിബോഡികൾ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ നഗരം ആർജിത പ്രതിരോധശേഷി കൈവരിക്കുന്നതിലേക്ക് നീങ്ങുന്നുവെന്ന് നമുക്ക് പറയാൻ കഴിയും,” ഡൽഹി സർക്കാർ വൃത്തങ്ങൾ പറയുന്നു.

സീറോ-പ്രിവൻഷൻ സർവേയിൽ 50-60 ശതമാനം ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയാൽ അവിടുത്തെ ആളുകളിൽ ആർജിത പ്രതിരോധശേഷി വികസിക്കുന്നുണ്ടെന്നാണ് സൂചന.

ജൂണ്‍-ജൂലായ് മാസത്തില്‍ നടന്ന ആദ്യ സീറോസര്‍വേയില്‍ 23.4 ശതമാനം ആളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഓഗസ്റ്റില്‍ ഇത് 29.1 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലും ഒക്ടോബറിലുമായി നടന്ന പരിശോധനകളില്‍ ഇത് 25 ശതമാനമായിരുന്നു.

ദില്ലിയിൽ ഞായറാഴ്ച 185 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. ജനുവരിയിൽ ഇത് മൂന്നാമത്തെ തവണയാണ് 200ൽ താഴെ കേസുകൾ രേഖപ്പെടുത്തുന്നത്.

നഗരത്തിലെ പകർച്ചവ്യാധി ഇപ്പോൾ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അടുത്തിടെ പറഞ്ഞു.

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 6.33 ലക്ഷം കവിഞ്ഞു. മരണസംഖ്യ 10,808 ആയി ഉയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook