ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി 250-ല്‍ 134 സീറ്റുകളും നേടി ആം ആദ്മി പാര്‍ട്ടി വിജയിച്ചതിന് പിന്നലെ ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് അലി മെഹ്ദിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരായ സബീല ബീഗവും നാസിയ ഖാത്തൂണു കോണ്‍ഗ്രസ് വിട്ടത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന മുഖമായ എഎപി നിയമസഭാംഗം ദുര്‍ഗേഷ് പഥക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘ഇന്ത്യയെ ഒന്നാം നമ്പര്‍ ആക്കുക എന്നതാണ് മുഖ്യമന്ത്രി കെജ്രിവാളിന്റെ കാഴ്ചപ്പാട്. ഡല്‍ഹിയെ മാലിന്യമുക്തമാക്കാനും നല്ല സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. ഇത് നേടാന്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ സത്യസന്ധതയിലും ഭരണ മാതൃകയിലും പ്രചോദനം ഉള്‍ക്കൊണ്ട് രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചു, അവരെ ഞങ്ങള്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” ദുര്‍ഗേഷ് പഥക് പറഞ്ഞു.
സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍ നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലത്തതിനാല്‍ ഇരുവരേയും അയോഗ്യരാക്കാനും സാധിക്കില്ല.