കേരള ബിജെപിയിലെ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. കേരളത്തിലെ നേതാക്കൾക്കിടയിൽ നിന്ന് സുരേന്ദ്രനെതിരെ പരാതി ഉയരുകയും കൊഴിഞ്ഞു പോക്ക് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ കെ സുരേന്ദ്രനെ ദേശീയ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയും നടത്തിയ രണ്ട് മീറ്റിംഗുകളിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സുരേന്ദ്രനോട് ആവശ്യപ്പെട്ടു.

അമിത് ഷായുടെ കഠിനമായ ചാണക്യ തന്ത്രങ്ങൾ കൈമുതലായി ഉണ്ടായിട്ട് പോലും ബിജെപിയുടെ യൂണിറ്റിൽ ഐക്യം നിലനിർത്തുക എന്നത് കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്.

സംസ്ഥാന സംഘടനയിൽ നിയമനങ്ങൾക്കായി കേന്ദ്ര നേതൃത്വം നിർദേശിക്കുകയും ഒഴിവാക്കുകയും ചെയ്ത പേരുകളുടെ പട്ടികയിൽ എന്തുകൊണ്ട് മാറ്റങ്ങൾ വരുത്തിയെന്ന് നദ്ദ സുരേന്ദ്രനോട് ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാളിന് വേണ്ടി ചെയ്തതുപോലെ ഷാ സംസ്ഥാന യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നദ്ദ സുരേന്ദ്രനെ ഓർമ്മിപ്പിച്ചതായും അവർ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഐക്യം സൃഷ്ടിക്കാനും വളർത്താനും സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ഡിസംബറിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം കേരളത്തിലെ സുരേന്ദ്രന്റെ നേതൃത്വത്തിന് കടുത്ത പരീക്ഷണമായിരിക്കും.

Read More: ബിജെപിയില്‍ ക‌ലാപം, സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് പി.എം. വേലായുധനും

നേതൃത്വ വിഷയത്തെച്ചൊല്ലിയുള്ള കലാപം സംസ്ഥാന ബിജെപിയില്‍ വന്‍പൊട്ടിത്തെറികൾക്കാണ് ഇടനൽകിയിരിക്കുന്നത്. ശോഭസുരേന്ദ്രന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് പി എം വേലായുധനും രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാവായിട്ടും തനിക്ക് പാർട്ടിയിൽ വേണ്ട പരിഗണന കിട്ടുന്നില്ലെന്നായിരുന്നു വേലായുധന്റെ ആരോപണം. സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പി.എം.വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടുകയും ചെയ്തിരുന്നു.

“മക്കൾ വളർന്ന് അവർ ശേഷിയിലേക്ക് വരുമ്പേൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിൽ ഇട്ടമാതിരിയാണ്. എന്നെപോലെ ഒട്ടേറെ പേർ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അദ്ധ്യക്ഷനെ പലതവണ ഫോണിൽ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല,” വേലായുധൻ പറഞ്ഞു.

ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പി.എം.വേലായുധന്‍. സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ പറഞ്ഞിരുന്നു.

കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ശോഭ സുരേന്ദ്രൻ പരാതി നൽകി. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും ശോഭ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook