CBSE 12th result 2019: ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റിസള്‍ട്ടില്‍ തിളങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകന്‍. 96.4 ശതമാനം മാര്‍ക്കോടെയാണ് കെജരിവാളിന്റെ മകന്‍ പുല്‍കിത് കെജരിവാള്‍ പാസായത്. ഇന്നാണ് സിബിഎസ്‌ഐ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്ത് വന്നത്. നോയിഡയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലായിരുന്നു പുല്‍കിത് പഠിച്ചത്.

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ അടക്കമുള്ള ഡല്‍ഹി മന്ത്രിമാര്‍ പുല്‍കിത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, 2014 ല്‍ കെജരിവാളിന്റെ മൂത്ത മകള്‍ ഹര്‍ഷിത 96 ശതമാനം മാര്‍ക്കോടെ സിബിഎസ്ഈ പാസായിരുന്നു. പിന്നീട് ജെഇഇയും ക്ലിയര്‍ ചെയ്തു.

ആകെ വിജയിച്ചതത് 83.4 ശതമാനം വിദ്യാര്‍ത്ഥികളാണ്. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്. ഡിപിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ല, എസ്ഡി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കരീഷ്മ അറോറ എന്നിവര്‍ 500ല്‍ 499 മാര്‍ക്ക് നേടിയാണ് ഉന്നത് വിജയം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ വിജയ ശതമാനം കൂടുതല്‍ പെണ്‍കുട്ടികളിലാണ്. 87.3ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ ജയിച്ചപ്പോള്‍ 79.4 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്. പരീക്ഷയെഴുതിയ ട്രാന്‍സ് വിദ്യാര്‍ത്ഥികളില്‍ 83.3 ശതമാനവും വിജയം കൈവരിച്ചു.

Read More: CBSE 12th Result 2019: സിബിഎസ്ഇ പ്ലസ് ടു ഫലം: തിരുവനന്തപുരം മുന്നിൽ

കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ ഫലം മെയ് 26നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 29നുമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ നേരത്തേയാണ് ഫല പ്രഖ്യാപനം. രണ്ട് ലക്ഷം അധ്യാപകർ ചേർന്നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തിയത്.

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂ ക്ലാസിന്റെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook