ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് മോഷണം പോയ ‘വാഗണ്‍ ആര്‍’ കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

കാര്‍ ഡല്‍ഹി പോലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കെജ്രിവാളിന്റെ നീല വാഗണ്‍ ആര്‍ ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നതായും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

2014ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു ഈ കാര്‍. വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

കാര്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് കെജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് കത്തെഴുതിയിരുന്നു. തലസ്ഥാനത്ത് ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് തന്റെ കാര്‍ മോഷണം പോയതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോകുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ