ന്യൂഡല്‍ഹി: കർഷക പ്രതിഷേധത്തിൽ ചൂടുപിടിച്ച് രാജ്യ തലസ്ഥാനം. കർഷകരുടെ യോജിച്ച പ്രതിഷേധങ്ങൾക്ക് മുൻപിൽ കേന്ദ്രം വഴങ്ങി. കർഷകരുമായുള്ള ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബർ മൂന്നിന് കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര കാർഷികമന്ത്രി നരേന്ദ്രസിങ് തോമാർ പറഞ്ഞു. “കർഷകരുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയ്യാറാണ്. കർഷക പ്രതിനിധികളെ ചർച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് ചർച്ച നടക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിക്കുന്നു,” മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്കു ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ നേരത്തെ അനുമതി നൽകിയിരുന്നു. കര്‍ഷകര്‍ക്കുനേരെ ഇന്നുരാവിലെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് ലാത്തിച്ചചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആയിരക്കണക്കിനു കർഷകർക്കു ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിരങ്കാരി മൈതാനത്ത് സമാധാനപരമായ പ്രതിഷേധം നടത്താനാണ് അനുമതി നൽകിയത്. പൊലീസും കർഷകരും തമ്മിൽ വലിയ ഏറ്റുമുട്ടലാണുണ്ടായത്. കാര്യങ്ങൾ കെെവിട്ടു പോകുമെന്ന സാഹചര്യം വന്നതോടെ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകുകയായിരുന്നു.

Read Also: രാജ്യം മാന്ദ്യത്തിൽ; വളർച്ച 7.5 ശതമാനം ഇടിഞ്ഞു

കര്‍ഷകര്‍ക്കു ഡല്‍ഹിയിലേക്കു പ്രവേശനം നല്‍കാനുള്ള കേന്ദ്രതീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ അനുരഞ്ജന നീക്കത്തിനുശേഷവും ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ തടയാന്‍ ക്രൂരമായ ബലപ്രയോഗം തുടരുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

‘ദില്ലി ചലോ’ മുദ്രാവാക്യവുമായി മാര്‍ച്ച് ചെയ്യുന്ന ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരെ ഇന്നു പുലര്‍ച്ചെയാണ് ഹരിയാന അതിര്‍ത്തികളായ സിങ്കുവിലും തിക്രിയിലും കണ്ണീര്‍ വാതകവും ജലപീരങ്കികളും ഉപയോഗിച്ച് പൊലീസ് നേരിട്ടത്.

തിക്രി അതിര്‍ത്തിയില്‍നിന്ന് അയ്യായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടന്നതായി കിസാന്‍ സംഘര്‍ഷ് സമിതി കണ്‍വീനര്‍ മന്ദീപ് നാഥ്വാന്‍ പറഞ്ഞു. ഡല്‍ഹി- സിര്‍സ ഹൈവേ ഭാഗത്തുനിന്നാണ് കര്‍ഷകര്‍ എത്തിയത്. ഡല്‍ഹിയിേക്കുള്ള സിന്ധു അതിര്‍ത്തിയില്‍ ബാരിക്കേഡ് തകര്‍ത്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഹരിയാന ഭാരതീയ കിസാന്‍ യൂണിന്‍ തലവന്‍ ഗുര്‍ണം സിങ് ചദുനിയുടെ നേതൃത്വത്തിലുള്ള ആയിരക്കണക്കിനു കര്‍ഷകരാണ് ആദ്യ ബാരിക്കേഡ് തകര്‍ത്തത്.

അതിനിടെ, ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ ചുമതലുള്ള ജര്‍ണൈല്‍ സിങ്ങും മറ്റ് ആം ആദ്മി എംഎല്‍എമാരും പ്രധാനമന്ത്രിയുടെ വീടിനു പുറത്ത് പ്രതിഷേം ആരംഭിച്ചു. മൂന്ന് കരിനിയമങ്ങളും ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുന്നതു വരെ കര്‍ഷകര്‍ നിശബ്ദരാകില്ലെന്ന് ജര്‍ണൈല്‍ സിങ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാന്‍ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ കര്‍ഷകരെ അനുവദിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നും സിങ് പറഞ്ഞു.

മാര്‍ച്ചിന്റെ ഭാഗമായ നാല്‍പ്പത്തിയഞ്ചുകാരനായ കര്‍ഷകന്‍ റോഡപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഹരിയാനയിലെ റോഹ്തക്കില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ലോഡ് നിറച്ച ട്രോളിയും കര്‍ഷകന്റെ ട്രാക്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് കര്‍ഷകര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. മാര്‍ച്ച് തടയാന്‍ ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തടസങ്ങളാണ് അപകടത്തിനു കാരണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു ധകൗന്ദ) ആരോപിച്ചു. മരിച്ചയാളുടെ ഉറ്റവര്‍ക്കു ഹരിയാന സര്‍ക്കാര്‍ 20 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കര്‍ഷകരെ തടയാന്‍ വൻ സന്നാഹങ്ങളാണു ഡൽഹി പൊലീസ് ഒരുക്കിയത്.  സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയ പൊലീസ് മണല്‍ നിറച്ച ട്രക്കുകള്‍, ജലപീരങ്കികള്‍ എന്നിവയുടെ വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ സിങ്കു അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടിയിരിന്നു. എന്‍സിആര്‍ പ്രദേശങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.

അതേസമയം,മാര്‍ച്ച് ഡല്‍ഹിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാൻ പൊലീസ് അനുമതി തേടിയെങ്കിലും ഡൽഹി സർക്കാർ നിഷേധിച്ചു.

കര്‍ഷകരുടെ ശബ്ദം അനിശ്ചിതമായി അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഡല്‍ഹി അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കിസാന്‍ യൂണിയന്‍ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ”ഓരോ കര്‍ഷകന്റെയും അടിസ്ഥാന അവകാശമായ ഉറപ്പായ കുറഞ്ഞ താങ്ങുവിലയെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. ഡിസംബര്‍ മൂന്നു വരെ എന്തിനു കാത്തിരിക്കണം?” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ഇതിന് മുന്‍പ് ചര്‍ച്ച നടത്തിയപ്പോഴൊന്നും സമവായമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും അതിനാല്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നുതന്നെയാണ് കര്‍ഷകര്‍ പറയുന്നു.

 

ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നാണ് കർഷകരുടെ പ്രഖ്യാപനം. കൂടുതല്‍ ദിവസങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങളും വെള്ളവും തണുപ്പിനെ അകറ്റാനുള്ള വസ്ത്രവും മറ്റും ശേഖരിച്ചാണ് പലഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹിയിലേക്കെത്തുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ അമ്പതിനായിരത്തിലധികം കര്‍ഷകര്‍ ഡല്‍ഹിയില്‍ അതിര്‍ത്തിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചാബിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരെയും സ്ത്രീകളെയും കുട്ടികളെയും വഹിച്ചുള്ള ട്രാക്ടറുകളുടെ എണ്ണം രാത്രിയില്‍ ആയിരങ്ങളായി വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സംയുക്ത കിസാന്‍ മോര്‍ച്ചയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും (എ.ഐ.കെ.എസ്.സി.സി) സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു. അന്ന്  പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പൊലീസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു.

കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സത്യത്തിനുവേണ്ടിയുള്ള കർഷക പോരാട്ടങ്ങളെ ലോകത്ത് ഒരു സർക്കാരിനും തടയാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ വിറപ്പിച്ച ഈ കർഷക മാർച്ച് ഒരു തുടക്കം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook