ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്ത സിസോദിയയെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം. സിബിഐ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 21ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചില ആളുകള്‍ക്ക് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ നല്‍കിയതായും ഇ.ഡി ആരോപിച്ചു. പുതിയ മദ്യനയത്തിനായി സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് വിജയ് നായര്‍, കെ.കവിത എന്നിവരുമായി മനീഷ് സിസോദിയ ഗൂഢാലോചന നടത്തിയെന്നും ഇത് മൊത്തക്കച്ചവടക്കാര്‍ക്ക് അസാധാരണമായ ലാഭമുണ്ടാക്കിയെന്നും ഇ.ഡി വാദിച്ചു. ഏജന്‍സികള്‍ അറസ്റ്റിനെ അവകാശമായി എടുക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഇത്തരം അറസ്റ്റുകളില്‍ കോടതികള്‍ ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും ഇ.ഡിയുടെ റിമാന്‍ഡിനെ എതിര്‍ത്ത് സിസോദിയയുടെ അഭിഭാഷകന്‍ പറഞ്ഞു,
സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ വാദം കേള്‍ക്കുന്നത്. ഇതേ നയത്തിന്റെ പേരില്‍ ഫെബ്രുവരി 26 ന് സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന സിസോദിയയെ ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.