ന്യൂഡല്‍ഹി:പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ശരീരം കഷണങ്ങളാക്കി ഓവുചാലില്‍ ഉപേക്ഷിച്ചു. ജോലിക്കായി കൊണ്ട് വന്നവരോട് ശമ്പളം ആവശ്യപെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

മെയ്‌ നാലിന് ഡല്‍ഹിയില്‍ മിയാന്‍വാലിയിലുള്ള ഓവുചാലില്‍ നിന്നാണ് വെട്ടി കഷണമാക്കപ്പെട്ട ശരീര ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയത്. വിവിധ പ്ലാസ്റ്റിക് കൂടുകളിലായാണ് ശരീരഭാഗങ്ങള്‍ കിടന്നിരുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രതിയായ മഞ്ജീത് സിങ്ങ് കര്‍കെട്ടയെ (30) നാൻഗ്ലോയിലെ ഭൂട്ടോ വാലാ ഗാലിയിലെ വാടകവീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡി.സി.പിയായ രാജേന്ദര്‍ സിങ്ങ് സാഗര്‍ പറഞ്ഞു.

സോണി കുമാരി എന്ന പെണ്‍കുട്ടിയെ മൂന്നു വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലേക്കു കൊണ്ട് വന്നത് മഞ്ജീതും സുഹൃത്തുക്കളും കൂടിയാണ്. കൈലാസിനടുത്തുള്ള ഒരു വീട്ടില്‍ അവള്‍ക് ജോലി കണ്ട് പിടിച്ച് കൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തന്‍റെ വരുതിയില്‍ നിര്‍ത്തുന്നതിന് വേണ്ടി അവളുടെ ശമ്പളം മുഴുവന്‍ മഞ്ജീതായിരുന്നു വാങ്ങിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ കുമാരി തിരികെ വീട്ടിലേക്ക് പോകാന്‍ ശമ്പളം ആവശ്യപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മഞ്ജീത് നാൻഗ്ലോയിയിലെ തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.
“യാതൊരു വിധത്തിലുള്ള അനുനയങ്ങള്‍ക്കും പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് മനസിലാക്കിയതോടെ മഞ്ജീത് അവളെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മെയ്‌ മൂന്നിനായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് സുഹൃത്തുക്കളായ ശാലുവിന്‍റെയും(31), ഗൗരിയുടെയും (36) സഹായത്തോടെ ശരീരം വെട്ടി നുറുക്കി പ്ലാസ്റ്റിക് കൂടുകളിലാക്കി അടുത്തുള്ള ചാലില്‍ നിക്ഷേപിക്കുകയായിരുന്നു. വേര്‍പ്പെട്ടു പോയ തല ശരീര ഭാഗങ്ങളുമായി ചേര്‍ത്ത് വെച്ചാണ് ഞങ്ങള്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്”, സാഗര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

ചുറ്റുവട്ടത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കൂടുകളുമായുള്ള പ്രതികളെ തിരിച്ചറിയുന്നത്. എസിപി ദിനേഷ് കുമാറിന്‍റെ ചുമതലയില്‍ ഇന്‍സ്പെക്ടര്‍ സുഖ്ബിര്‍ മാലിക്ക് പരിസര പ്രദേശങ്ങളിലെ 200 വീടുകളോളം പെണ്‍കുട്ടിയുടെ ചിത്രവുമായി അന്വേഷണം നടത്തി.

“സമീപവാസികളെ കാണിച്ചപ്പോള്‍ അവരിലൊരാളാണ് പെണ്‍കുട്ടി ഭൂട്ടോന്‍ വാലി ഗാലിയിലെ ഒരു വീട്ടില്‍ ഉണ്ടായിരുന്നതാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് വീടന്വേഷിച്ച്‌ പോയപ്പോള്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. എന്നാല്‍ മെയ്‌ 17 നു വീട്ടില്‍ എത്തിയ മഞ്ജീതിനെ പോലീസ് പിടികൂടുകയായിരുന്നു.”,ഡിസിപി കൂട്ടി ചേര്‍ത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച മഞ്ജീത്,സുഹൃത്തുക്കളുടെ സഹായത്തോടെ ജാര്‍ഖണ്ഡിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ഡല്‍ഹിയില്‍ കൊണ്ട് വരാറുണ്ടെന്നും പറഞ്ഞു.

തലസ്ഥാനത്തേക്ക് കൊണ്ട് വരുന്ന പെണ്‍കുട്ടികള്‍ക്ക് ഇവര്‍ മൂന്ന് പേരും ചേര്‍ന്നു വീട്ടു ജോലികള്‍ ഏര്‍പ്പാടാക്കി കൊടുക്കും. ” രാകേഷിന്‍റെ സഹായത്തോടെ കുമാരിയ്ക്ക് ജോലി വാങ്ങിച്ച് കൊടുത്ത മൂവര്‍ സംഘം ഇവളുടെ ശമ്പളം വീട്ടുടമസ്ഥരില്‍ നിന്ന് വാങ്ങിച്ച് പരസ്പരം പങ്കിടുകയാണ് ചെയ്തു കൊണ്ടിരുന്നത്”, അദ്ദേഹം പറഞ്ഞു.

വീട്ടുകാരുമായി ബന്ധപ്പെടാൻ ഇവർ പെൺകുട്ടിയെ അനുവദിച്ചിരുന്നില്ല. പെൺകുട്ടി തങ്ങളുടെ ബന്ധുവാണെന്നാണ് ജോലിക്ക് നിന്ന വീട്ടുക്കാരെ അറിയിച്ചിരുന്നത്. വീട്ടുടമസ്ഥരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook