ന്യൂഡല്‍ഹി: 2005 നവംബര്‍ 21നാണ് മുഹമ്മദ് റഫീഖ് ഷാ എന്ന എംഎ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുടെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിടപ്പെട്ടത്. കശ്മീര്‍ സർവകലാശാലയിലെ ശാഹി ഹംദാന്‍ ഇന്‍സ്റ്റ്യൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് പൊലീസ് വിഭാഗം റഫീഖ് ഷായെ കസ്റ്റഡിയില്‍ എടുക്കുന്നത്.
രണ്ട് ദിവസത്തിന് ശേഷം അയാളെ കശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. 2005 ഒക്ടോബര്‍ 29ന് ഡല്‍ഹിയിലെ ഗോവന്ദപുരിയില്‍ ഒരു ബസില്‍ ബോംബ് സ്ഥാപിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി.
12 വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹി സ്‌ഫോടന കേസിലെ പ്രതികളായിരുന്ന മുഹമ്മദ് ഹുസൈന്‍ ഫസ്‌ലിയേയും മുഹമ്മദ് റഫീഖ് ഷായേയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത് കഴിഞ്ഞ ദിവസമാണ്. കോടതി റഫീഖ് ഷായെ കുറ്റവിമുക്തനാക്കി വെറുതെ വിടുമ്പോള്‍ പൊലീസിന്റെ വിശ്വാസതയും മനുശ്വാവകാശ ലംഘനവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളാണ് ഡല്‍ഹി പൊലീസ് കൈക്കൊള്ളുന്നതെന്ന് കാണിക്കാനാണ് തന്നെ കേസില്‍ പെടുത്തിയതെന്ന് റഫീഖ് പറയുന്നു. തനൊരു ബലിയാടായിരുന്നു. ഈ കേസ് നീണ്ടുപോകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ വൈകിയാണെങ്കിലും നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു, മുഹമ്മദ് റഫീഖ് ഷാ പറയുന്നു.
സ്‌ഫോടനം നടന്ന 2005 ഒക്ടോബര്‍ 29ന് മുഹമ്മദ് റഫീഖ് ഷാ കശ്മീര്‍ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നതിന് തെളിവുണ്ട്. മറിച്ച് തെളിയിക്കാന്‍ ഒരു തരത്തിലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ ഷായാണ് ബോംബ് വച്ചത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
എന്നാല്‍ ഈ ദിവസം ഷാ സര്‍വകലാശാല ക്യാംപസിലുണ്ടായിരുന്നതായും ക്ലാസില്‍ കയറിയിരുന്നതായും കശ്മീര്‍ സര്‍വകലാശാലയിലെ മൂന്ന് അധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. ഷായുടെ അറ്റന്‍ഡന്‍സ് രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. മുമ്പ് പലതവണ പൊലീസ് റഫീഖ് കോടതിയില്‍ അപ്പീല്‍ കൊടുക്കുന്നതിനെ സമര്‍ദ്ദമായി പ്രതിരോധിച്ച് നിന്നു.
2006ല്‍ തന്നെ ആവശ്യമുള്ള രേഖകള്‍ സര്‍വകലാശാല, അന്വേഷണ സംഘത്തിന് ലഭ്യമാക്കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായിരുന്നു ഇത്. കോളേജ് ശീതകാല അവധിയിലായിരുന്നതിനാല്‍ രേഖകള്‍ പരിശോധിക്കാനായില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എന്നാല്‍ ഈ വാദം വാസ്തവവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.
ഷാ ബോംബ് വയ്ക്കുന്നതായി കണ്ടെന്ന് പറയുന്ന സാക്ഷികളുടെ മൊഴിയില്‍ വ്യക്തതയില്ല. ഫസ്ലിയേയും ഷായേയും അറസ്റ്റ് ചെയ്തതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഷ്‌കറെ തോയിബ പ്രവര്‍ത്തകനുമായി ഫസ്‌ലി ഫോണില്‍ സംസാരിച്ചു എന്നാണ് പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. ഇതും കള്ളമാണെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷന്‍റെ ദുര്‍ബലമായ വാദങ്ങളുടെ പേരില്‍ 12 വര്‍ഷം വിചാരണ തടവുകാരായി ഇവര്‍ക്ക് കഴിയേണ്ടി വന്നു എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. അന്യായമായി നീണ്ടുപോയ വിചാരണയുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും പേരില്‍ രണ്ട് യുവാക്കള്‍ക്ക് അവരുടെ ജീവിതത്തിലെ 12 വര്‍ഷമാണ് ജയിലില്‍ ചെലവഴിക്കേണ്ടി വന്നത്.
കശ്മീര്‍ സര്‍വകലാശാലയില്‍ എംഎ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു ഷാ. ജയിലില്‍ വച്ചാണ് ഷാ പഠനം പൂര്‍ത്തിയാക്കിയത്. തന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട ഫസ്‌ലിയെ ഒരു മുന്‍പരിചയവും ഇല്ലായിരുന്നു. കുട്ടിക്കാലത്ത് ഒരിക്കല്‍ മാത്രമാണ് ഡല്‍ഹിയില്‍ പോയിട്ടുള്ളതെന്നും ഷാ പറയുന്നു.