ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ദുബായ് സന്ദര്‍ശനത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ബിജെപി. എന്നാല്‍ ഇതൊരു വിചിത്രവാദമാണെന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി പാര്‍ട്ടി ആരോപണത്തെ തള്ളിക്കളയുകയാണ്. കേജ്‌രിവാള്‍ ഇന്നാണ് തിരിച്ചെത്തുക.

തലസ്ഥാന നഗരിയിലെ ജനങ്ങള്‍ വായുമലിനീകരണത്താല്‍ വലയുമ്പോള്‍, വെള്ളിയാഴ്ച കേജ്‌രിവാള്‍ നഗരം വിട്ടത് ശരിയായില്ലെന്ന് ഡല്‍ഹി ബിജെപി നേതാവ് മനോജ് തിവാരി കുറ്റപ്പെടുത്തി.

കേജ്‌രിവാളിന്റെ ദുബായ് യാത്രയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്തയും രംഗത്തെത്തി. എന്തിനാണ് ‘പെട്ടെന്ന്’ നവംബര്‍ എട്ടിന് എയര്‍ ഇന്ത്യ വിമാനത്തില്‍ കേജ്‌രിവാള്‍ പോയതെന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് ദിവസത്തെ യാത്രയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കണമെന്നും എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് പാര്‍ട്ടി ഇത് മറച്ചുവയ്ക്കുന്നതെന്നും വിജേന്ദര്‍ ഗുപ്ത പറഞ്ഞു.

ഐഐടിയിലെ തന്റെ സഹപാഠിയുടെ കുടുംബത്തില്‍ നടക്കുന്ന ഒരു ആഘോഷത്തില്‍ പങ്കെടുക്കാനാണ് കേജ്‌രിവാള്‍ വിദേശത്തേക്ക് പോയത് എന്നാണ് എഎപി വക്താവ് രാഘവ് ചദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഒപ്പം ബിജെപിയുടേയത് വിചിത്രമായ ആരോപണങ്ങളാണെന്ന് പറഞ്ഞത് അദ്ദേഹം അത് തള്ളിക്കളയുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗികമോ കുടുംബപരമോ അല്ലാത്തതാണ് കേജ്‌രിവാളിന്റെ യാത്രയെന്നും അതിനാല്‍ ഈ യാത്രയുടെ ഉദ്ദേശ്യം എന്താണ്, എവിടെയാണ് താമസിക്കുന്നത്, ആരെയാണ് കാണുന്നത് തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും വിജേന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook