ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ ഭിന്നിപ്പിക്കുന്നവരോടാണ് ഡൽഹി മുഖ്യമന്ത്രിക്ക് സഹതാപം എന്നാണ് സ്മൃതി ഇറാനിയുടെ വിമർശനം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ശാസ്ത്രി നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ കേജ്‌രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും അവർ പറഞ്ഞു.

“ഇന്ത്യയെ തകർക്കുന്നതിനുള്ള മുദ്രാവാക്യങ്ങൾ ഒരു സർവകലാശാലയിൽ ഉയരുമ്പോൾ കേജ്‌രിവാൾ​ അവരെ പിന്തുണയ്ക്കുന്നു. ഡൽഹി പൊലീസ് നടപടിയെടുക്കുകയും കോടതിയിൽ രേഖകൾ ഹാജരാക്കുകയും ചെയ്യുമ്പോൾ അവർക്കെതിരെ നടപടിയെടുക്കരുതെന്ന് കേജ്‌രിവാൾ പറയുന്നു. ഡൽഹിയിൽ ചില ആളുകൾ ഇന്ത്യയെ വിഭജിക്കാനുള്ള​ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ നിങ്ങൾ അവരെ പിന്തുണയ്ക്കുന്നു. തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി രാജ്യത്തിന്റെ നാശത്തെ പോലും അംഗീകരിക്കുന്ന ഒരാൾ,” സ്മൃതി ഇറാനി പറഞ്ഞു.

രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച 2012ലെ ഡൽഹി കൂട്ടബലാത്സംഗത്തെ കുറിച്ചും സ്മൃതി ഇറാനി പരാമർശിച്ചു. “ബലാത്സംഗ കേസിലെ പ്രതി ജയിൽ മോചിതനായപ്പോൾ അദ്ദേഹം അയാൾക്ക് ഒരു തയ്യൽ മെഷീനും 10,000 രൂപയും സമ്മാനമായി നൽകി. എന്തുതരം രാഷ്ട്രീയ ധാർമികതയാണ് ഇത്. അവരൊരു ബലാത്സംഗിയെ പിന്തുണയ്ക്കുന്നു,” സ്മൃതി ഇറാനി പറഞ്ഞു.

Read Also: നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ തുടങ്ങി

രണ്ട് തവണ ആം ആദ്മി പാർട്ടിയുടെ എം‌എൽ‌എയായ സോം ദത്തിനും കോൺഗ്രസിന്റെ സത്‌ബീർ ശർമയ്‌ക്കുമെതിരെ സദർ ബസാറിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ജയ് പ്രകാശിനായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു സ്മൃതി ഇറാനി.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെയും സ്മൃതി ഇറാനി വിമർശനം ഉന്നയിച്ചു. ഷർജീലിന്റെ പ്രത്യയശാസ്ത്രത്തെ ആം ആദ്മി പാർട്ടി പ്രോത്സാഹിപ്പിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. “ഷഹീൻ ബാഗിലെ പ്രശ്നം ഉയർന്നു വന്നപ്പോൾ മനീഷ് സിസോദിയ പറഞ്ഞു, ഞങ്ങൾ അവർക്കൊപ്പമുണ്ടെന്ന്. രാഷ്ട്രം തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ മുദ്രാവാക്യം ഉയർത്തി,” സ്മൃതി ഇറാനി വിമർശിച്ചു.

ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ വിരട്ടാൻ തരത്തിൽ വോട്ടിങ് യന്ത്രത്തിലെ ബട്ടനിൽ വിരലമർത്തണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook