ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നിലധികം തവണ ബാലറ്റുകളുടെ സൂക്ഷമ പരിശോധന നടത്തിയെന്നും അതിനാലാണ് പോളിങ് ശതമാനം അറിയിക്കാൻ കാലതാമസം വന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്മിഷൻ.
ലോക്സഭ തിരഞ്ഞെടുപ്പിലേതിനേക്കാൾ രണ്ട് ശതമാനം അധികമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. ബല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഷഹീൻബാഗ് ഉൾപ്പെടുന്ന ഒഖ്ല മണ്ഡലത്തിൽ 58.84 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 45.36 ശതമാനം പോളിങ് മാത്രം നടന്ന ഡൽഹി കന്റോൺമെന്റിലാണ് ഏറ്റവും കുറവ് ശതമാനം രേഖപ്പെടുത്തിയത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് കണക്ക് പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണക്കുകള്‍ പുറത്തുവിടാത്തതു ഞെട്ടിപ്പിക്കുന്നതാണെന്നു കെജ്രിവാള് പറഞ്ഞു. ”തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് എന്താണു ചെയ്യുന്നത്? പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷവും വോട്ടര്‍മാരുടെ കണക്ക് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്?” കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ഭരണ തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇത് ആവർത്തിക്കാനാണ് കൂടുതൽ സാധ്യത.