ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആംആദ്മി പാര്‍ട്ടി. വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്നും എഎപി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

”അരവിന്ദ് കേജ്‌രിവാളിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണു യോഗി ആദിത്യനാഥ് പറഞ്ഞത്. യോഗിയെ അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കണം. അവകാശവാദത്തിനു തെളിവ് നല്‍കാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടണം. ഇക്കാര്യത്തിലെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനം പാലിക്കുകയാണ്. യോഗിയുടെ പ്രചാരണം ഡല്‍ഹിയില്‍ വിലക്കണം,”സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ഷഹീൻ ബാഗിൽ കുത്തിയിരിക്കുന്നവർക്ക് അരവിന്ദ് കേജ്‌രിവാൾ ബിരിയാണി നൽകുന്നുവെന്ന് യോഗി ആദിത്യനാഥ് ശനിയാഴ്ച ആരോപിച്ചിരുന്നു.

”ഏതുതരത്തിലുള്ള മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്- ആസാദി, ആസാദി? ഏതു തരം സ്വാത്രന്ത്ര്യമാണു നിങ്ങള്‍ക്കു വേണ്ടത്,” എന്നും രോഹിണിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലില്‍ യോഗി ആദിത്യനാഥ് ചോദിച്ചിരുന്നു.

Read Also: കേജ്‌രിവാൾ പ്രതിഷേധക്കാർക്ക് ബിരിയാണി നൽകുന്നു, ഞങ്ങൾ വെടിയുണ്ടയും: യോഗി ആദിത്യനാഥ്

”നേരത്തെ, പാക്കിസ്ഥാനില്‍നിന്നു പണം പറ്റിയാണു കല്ലേറുകാര്‍ കശ്മീരിലെ പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. അവരെ കേജ്‌രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ അത് നിന്നു. അതുപോലെ പാക്കിസ്ഥാന്‍ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയയ്ക്കും. കല്ലേറുകാരെ കോണ്‍ഗ്രസും കേജ്‌രിവാളിനെപ്പോലുള്ളവരും ബിരിയാണി തീറ്റിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണ്,” യോഗി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

യോഗിയുടെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ സമയം നൽകിയിട്ടില്ലെന്ന് സഞ്ജയ് സിങ് പറഞ്ഞു. സമയം അനുവദിച്ചില്ലെങ്കില്‍ കമ്മിഷന്‍ ആസ്ഥാനത്തിനു മുന്‍പില്‍ തിങ്കളാഴ്ച കുത്തിയിരുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook