ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. കേജ്‌രിവാൾ മൂന്നാം വട്ടവും ഡൽഹി മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ മണിക്കൂറുകൾക്കകം തീരുമാനമാകും. ഹാട്രിക് നേട്ടം ലക്ഷ്യമിട്ടാണ് കേജ്‌രിവാൾ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത്. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്‌മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

Read Also: ഇതിലും ഭേദം കത്തികൊണ്ട് എന്നെ കുത്തിക്കൊല്ലുന്നതാ ബിഗ് ബോസേ…പ്രദീപിനെതിരെ ദയ

എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ആം ആദ്‌മിയുടെ മേൽക്കെെയാണ്. എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങളെയെല്ലാം ബിജെപി തള്ളി കളയുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.

എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ഇങ്ങനെ: 

ടൈംസ് നൗ സര്‍വേയില്‍ ആകെയുള്ള 70 സീറ്റുകളിൽ 44 സീറ്റുകള്‍ നേടി ആം ആദ്‌മി ഭരണം നിലനിർത്തുമെന്ന് പറയുന്നു. ബിജെപി 26 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. 51 ശതമാനം വോട്ട് ആം ആദ്‌മി നേടുമ്പോൾ 40.5 ശതമാനം വോട്ട് ബിജെപി നേടുമെന്നും ടൈംസ് നൗ സര്‍വേയില്‍ പറയുന്നു.

ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് ഇന്ത്യ ടുഡെ-ആക്‌സിസ് പോൾ സർവേ ഫലം. പടിഞ്ഞാറൻ ഡൽഹിയിലെ എല്ലാ സീറ്റുകളും ആം ആദ്‌മി തൂത്തുവാരുമെന്നാണ് ഇന്ത്യ ടുഡെ പ്രവചിക്കുന്നത്. പടിഞ്ഞാറൻ ഡൽഹിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സർവേയിൽ പറയുന്നു.

ന്യൂസ് എക്‌സ് സർവേ ആം ആദ്‌മി 53 മുതൽ 57 വരെ സീറ്റുകൾ നേടി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയുടെ നേട്ടം 13 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് – സീ വോട്ടർ സർവേയും ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നു. 49-63 സീറ്റുകൾ ആം ആദ്‌മി നേടുമെന്നാണ് പ്രവചനം. ബിജെപി 5-19 വരെ സീറ്റുകൾ നേടിയേക്കാം. കോൺഗ്രസ് 0-4 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എബിപി സർവേയിൽ പറയുന്നു.

Read Also: ക്രിസ്മസ്-പുതുവത്സര ബംപര്‍: സര്‍ക്കാരിനു ലാഭം 30 കോടി; ഭാഗ്യവാന്‍ കാണാമറയത്ത്

ടിവി ഭാരത്‌വർഷ് എക്‌സിറ്റ് പോളിൽ ആം ആദ്‌മി 54 സീറ്റും ബിജെപി 15 സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയും ആം ആദ്‌മിക്ക് മുൻതൂക്കം പ്രവചിക്കുന്നു. ആം ആദ്‌മി 48 മുതൽ 61 വരെ സീറ്റ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. ഒൻപത് മുതൽ 19 വരെ സീറ്റുകൾ ബിജെപി നേടുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook