ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായി ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

നിലവിലുള്ള സർക്കാരിന്റെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. 1.46 കോടി വോട്ടർമാരാണ് ഇത്തവണ ഡൽഹിയുടെ വിധിയെഴുതുന്നത്. 1375 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. ജനുവരി 21 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.

Read Also: അക്രമികള്‍ ആംബുലന്‍സ് തടഞ്ഞു, പൊലീസ് എല്ലാം നോക്കിനില്‍ക്കുകയായിരുന്നു: ദൃക്‌സാക്ഷിയായ ജെഎൻയുവിലെ അധ്യാപകന്‍

ഭരണം നിലനിർത്തുകയെന്ന ലക്ഷ്യവുമായാണ് ആം ആദ്മി പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ വീണ്ടും പാർട്ടിയെ അധികാരത്തിലെത്തിക്കുമെന്ന് ആം ആദ്മി വിശ്വസിക്കുന്നു. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും പാർട്ടി ആരംഭിച്ചു കഴിഞ്ഞു.

മറുവശത്ത് ബിജെപിയാകട്ടെ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളിൽ നിന്ന് മടങ്ങിവരവ് പ്രതീക്ഷിക്കുന്നു. ബിജെപിയും ഇതിനോടകം പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook