Delhi Elections Results 2020 Latest Update: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വൻ വിജയം. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 70 സീറ്റുകളുള്ള നിയമസഭയിൽ 62 അംഗങ്ങളുമായാണ് ആം ആദ്മി വീണ്ടും അധികാരത്തിലെത്തുന്നത്. തുടർച്ചയായ മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയാകും.
കഴിഞ്ഞ തവണത്തേക്കാളും നില മെച്ചപ്പെടുത്താനായെങ്കിലും രണ്ടക്കം കടക്കാൻ പോലും ബിജെപിക്ക് സാധിക്കാതെ പോയത് തിരിച്ചടിയായി. എട്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് മൂന്നായിരുന്നു. കോൺഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല. നാണംകെട്ട തോൽവിക്ക് പിന്നാലെ ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു.
ആം ആദ്മി പാർട്ടി ലോക്‍സഭ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ട് വർധിപ്പിച്ച് കരുത്ത് കാട്ടി. ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ 70000 വോട്ടുകൾക്കായിരുന്നു ആം ആദ്മി പാർട്ടി സ്ഥാനാർഥിയുടെ വിജയം.
Live Blog
Delhi Election Results 2020 Live Updates: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട തത്സമയ വിവരണം അവസാനിക്കുന്നു. വരും ദിവസങ്ങളിലും തലസ്ഥാന നഗരം ഏറെ വാർത്തകളാൽ സമൃദ്ധമായിരിക്കും. സർക്കാർ രൂപീകരണം, സത്യപ്രതിജ്ഞ ഉൾപ്പടെയുള്ള വാർത്തകൾ കൃത്യതയോടെ അറിയാൻ ഇന്ത്യൻ എക്സപ്രസ് മലയാളം സന്ദർശിക്കുക. നന്ദി…
ആകെ പോൾ ചെയ്തതിന്റെ 53.6 ശതമാനം വോട്ടുകൾ നേടിയാണ് ആം ആദ്മി വീണ്ടും അധികാരത്തിലെത്തുന്നത്. ബിജെപി 38.5 ശതമാനം വോട്ടു നേടിയപ്പോൾ കോൺഗ്രസിന്റെ വോട്ട് ശതമാനം 4.26 ഒതുങ്ങി.
എട്ട് സീറ്റുകളിൽ കൂടി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 55 മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ജയം
ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറു മണിയോടെ 70 മണ്ഡലങ്ങളുള്ള നിയമസഭയിലെ പകുതി മണ്ഡലങ്ങളുടെ ഫലം പൂർണമായും അറിയാൻ കഴിഞ്ഞു. ബാക്കിയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് മുഖ്യ തിരഞ്ഞെടുപ് ഓഫീസർ വ്യക്തമാക്കുന്നത്.
പടിഞ്ഞാറൻ ഡൽഹിയിലെ പത്ത് മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിക്ക് വിജയം. ധ്വാരക, മഡിപൂർ, രജൗരി ഗാർഡൻ, ഹരി നഗർ, തിലക് നഗർ, ജനകപൂരി, വികാസ്പൂരി, ഉത്തം നഗർ, മട്ട്യാല, നജാഫ്ഗാവ് എന്നിവിടങ്ങളിലെല്ലാം ആം ആദ്മി സ്ഥാനാർഥികളാണ് വിജയം സ്വന്തമാക്കിയത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ജയമുറപ്പിച്ചതോടെ ഡൽഹി വാസികൾക്ക് നന്ദിയർപ്പിച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. കുടുംബസമേതമെത്തിയാണ് അരവിന്ദ് കേജ്‌രിവാൾ ജനങ്ങൾക്ക് നന്ദി പറഞ്ഞത്.
പ്രചാരണത്തിലേതിന് സമാനമായി വികസനത്തിലൂന്നി തന്നെയായിരുന്നു കേജ്‌രിവാളിന്റെ നന്ദി പ്രസംഗവും. “ഇവിടെ എനിക്ക് പ്രാധാന്യമില്ല, ആം ആദ്മി പാർട്ടിക്ക് പ്രാധാന്യമില്ല. ശരിക്കും ഡൽഹി പുതിയൊരു രാഷ്ട്രീയത്തിന് ഇന്ന് ഡൽഹി ജന്മം നൽകിയിരിക്കുന്നു. അഞ്ച് വർഷം മുമ്പ് പുതിയൊരു പാർട്ടിക്ക് അവസരം നൽകി, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അഞ്ച് വർഷത്തിന് ശേഷം അതേ സർക്കാരിന് വോട്ടു നൽകിയെങ്കിൽ അതൊരു പുതിയ രാഷ്ട്രിയത്തിന്റെ ഉദയമാണ്.” കേജ്‌രിവാൾ പറഞ്ഞു. Read More
ഒരു മണ്ഡലത്തിൽ കൂടി ബിജെപി മുന്നിലെത്തുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. ഇതിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമതത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന ഷെഹീൻ ബാഗും ജാമിയ നഗറും ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ തകർപ്പൻ ജയവുമായി ആം ആദ്മി പാർട്ടി. 70000 വോട്ടുകൾക്കാണ് അമനത്തുള്ള ഖാൻ ബിജെപിയുടെ ബ്രാഹം സിങ്ങിനെ പരാജയപ്പെടുത്തിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നു. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുമാണ് കേജ്‌രിവാൾ ജനവിധി തേടിയത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ ആം ആദ്മി പാർട്ടി വിജയം ഉറപ്പിച്ചു. 46 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പരാജയത്തിൽ പ്രതികരണവുമായി പാർട്ടി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. തങ്ങൾ നന്നായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഡൽഹിയിലെ ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിൽ തുടർച്ചയായ മൂന്നാം തവണയും ഭരണമുറപ്പിച്ച കേജ്‌രിവാളിനേയും ആം ആദ്മിയേയും അഭിനന്ദിക്കാനും ഗംഭീർ മറന്നില്ല. Read More
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സീറ്റിൽ ജയം ഉറപ്പിച്ച് ബിജെപി. ഇത്തവണ വിശ്വാസ് നഗറിലൂടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. 16000 വോട്ടുകൾക്ക് സിറ്റിങ് എംഎൽഎ ഒം പ്രകാശ് ശർമ വിജയം സ്വന്തമാക്കി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ വമ്പിച്ച വിജയത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ ജനം തിരസ്കരിച്ചെന്ന് മത പറഞ്ഞു. വർഗീയത വിലപ്പോകില്ലെന്നും വികസനമാണ് പ്രധാനമെന്നും പറഞ്ഞ മമത, സിഎഎ, എൻആർസി, എൻപിആർ എന്നിവ ജനം തള്ളുമെന്നും പറഞ്ഞു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ജനങ്ങളോട് സംസാരിക്കുന്നു. ഇത് രാജ്യത്തിന് മുഴുവനുള്ള സന്ദേശമെന്നും അരവിന്ദ് കെജ്‌രിവാൾ.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. 62 സീറ്റുകളിൽ ലീഡ് തുടരുന്ന ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ, രാഘവ് ചാദ, ജർനയിൽ സിങ്, അതിഷി എന്നിവരാണ് ജയം ഉറപ്പിച്ചത്.
അരവിന്ദ് കേജ്‌രിവാൾ മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്താൻ പോകുകയാണ്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിച്ച കേജ്‌രിവാൾ 14,227 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഭൂരിപക്ഷം ഇനിയും വർധിക്കും. അതേസമയം, 2015 ലെ ഭൂരിപക്ഷത്തിന്റെ പകുതിപോലും ആയിട്ടില്ല ഇപ്പോഴത്തെ കേജ്‌രിവാളിന്റെ ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു വിജയിച്ചത് 31,583 വോട്ടുകൾക്കാണ്.
ആം ആദ്‌മി 64 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് ആറ് സീറ്റുകളിൽ മാത്രം.
മാൽവിയ നഗർ മണ്ഡലത്തിൽ ആം ആദ്‌മി സ്ഥാനാർഥി സോമനാഥ് ഭാരതി പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബാബർപൂരിൽ ആം ആദ്‌മി സ്ഥാനാർഥി ഗോപാൽ റായി 29,000 ത്തോളം വോട്ടുകൾക്ക് വിജയിച്ചു. ഷഹീൻബാഗ് ഉൾപ്പെടുന്ന ഒഖ്‌ല മണ്ഡലത്തിൽ ആം ആദ്‌മി സ്ഥാനാർഥിയാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ സിഎഎ പ്രതിഷേധങ്ങൾ അരങ്ങേറിയത് ഷഹീൻബാഗിലാണ്. സിഎഎക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധിച്ചവർക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ ഒഖ്‌ല മണ്ഡലത്തിലെ ആം ആദ്‌മിയുടെ വിജയം ഏറെ ശ്രദ്ധേയമാണ്. ആം ആദ്‌മി സ്ഥാനാർഥി അമനദുല്ല ഖാനാണ് 37,000 ത്തിലേറെ വോട്ടുകൾക്ക് ഒഖ്‌ലയിൽ വിജയിച്ചത്. കൽക്കാജി മണ്ഡലത്തിൽ ആം ആദ്‌മി സ്ഥാനാർഥി അതിഷി 11,000 ത്തിലേറെ വോട്ടുകൾക്ക് വിജയമുറപ്പിച്ചു.
പട്‌പട്‌ഗഞ്ചിലെ ആം ആദ്‌മി സ്ഥാനാർഥി മനീഷ് സിസോദിയയ്‌ക്ക് വിജയം. ഇഞ്ചോടിഞ്ച് മത്സരത്തിലാണ് സിസോദിയ കടന്നുകൂടിയത്. 2018 ൽ 28,000 ത്തിലേറെ വോട്ടുകൾക്ക് ജയിച്ച സിസോദിയ ഇത്തവണ ജയിച്ചത് വെറും 2073 വോട്ടുകൾക്കാണ്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ വോട്ട് ശതമാനം 39 ശതമാനം ആയി. 2015 ൽ ഇത് 32 ശതമാനമായിരുന്നു. ഏകദേശം ഏഴ് ശതമാനത്തോളം വോട്ടുകളാണ് ഇത്തവണ ബിജെപിക്ക് വർധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് മൂന്ന് സീറ്റ് മാത്രമായിരുന്നു. ഇത്തവണ അതിൽ നിന്നു ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. 12 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരു സമയത്ത് 20 സീറ്റുകളിൽ വരെ ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്തിരുന്നു. മാത്രമല്ല, ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ട പല മണ്ഡലങ്ങളിലും നേരിയ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആം ആദ്‌മി സ്ഥാനാർഥിക്കുള്ളത്. അതേസമയം, 2019 ലോക്‌സഭാ തിരഞ്ഞടുപ്പിൽ ബിജെപിക്ക് 56 ശതമാനം വോട്ട് ലഭിച്ചിരുന്നു. ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപി തൂത്തുവാരുകയും ചെയ്‌തതാണ്. എന്നാൽ, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുക്കാൻ ബിജെപിക്ക് സാധിച്ചില്ല.
ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേജ്‌രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ
ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും കേജ്‌രിവാളിനെ അഭിനന്ദിച്ചു. വർഗീയ രാഷ്ട്രീയത്തിനു മുകളിലാണ് വികസനമെന്ന് ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിക്കപ്പെട്ടു എന്നു സ്റ്റാലിൽ പറഞ്ഞു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കേജ്‌രിവാളിനെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും കേജ്‌രിവാളിനെ അഭിനന്ദനം അറിയിച്ചു.
ആം ആദ്‌മി ലീഡ് നില ഉയർത്തി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആം ആദ്‌മി 58 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 12 സീറ്റുകളിൽ മാത്രം.
ന്യൂഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ 8,277 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്‌മി സ്ഥാനാർഥി അമാനദുല്ല 5000 ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിങ് എംപിയാണ് അദ്ദേഹം
മനീഷ് സിസോദിയ പിന്നിൽ. പട്‌പട്‌ഗഞ്ചിൽ സിസോദിയ ആയിരം വോട്ടുകൾക്ക് പിന്നിട്ടു നിൽക്കുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയാണ് സിസോദിയ
ആം ആദ്‌മി 57 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 13 സീറ്റിൽ
പട്‌പട്‌ഗഞ്ചിൽ ഉപമുഖ്യമന്ത്രി സിസോദിയ ലീഡ് ചെയ്യുന്നു. നേരിയ മാർജിനാണ് സിസോദിയയുടെ ലീഡ്
ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാൾ 4000 ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ കപില്‍ മിശ്ര മുന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 45 സീറ്റുകളില്‍ ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് 19 സീറ്റുകളിലാണ് ലീഡ്.
ആം ആദ്‌മി 53 സീറ്റിൽ ലീഡ് ചെയ്യുന്നു. 17 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസിനു സീറ്റൊന്നും ഇല്ല
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിട്ടു. കോൺഗ്രസ് എവിടെയും ലീഡ് ചെയ്യുന്നില്ല. ആദ്യ മണിക്കൂറിൽ ബെല്ലിമാരൺ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഹരൂൺ യൂസഫ് ലീഡ് ചെയ്‌തിരുന്നു. എന്നാൽ, ഇപ്പോൾ ആം ആദ്‌മി സ്ഥാനാർഥി ഇമ്രാൻ ഹുസെെനാണ് ലീഡ് ചെയ്യുന്നത്. സിറ്റിങ് എംഎൽഎയാണ് ഇമ്രാണ ഹുസെെൻ.
തിരഞ്ഞെടുപ്പ് തോൽവി സമ്മതിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുകേഷ് ശർമ. വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് മുകേഷ് ശർമ തോൽവി സമ്മതിച്ചു. തോൽവി സമ്മതിക്കുകയാണെന്നും എല്ലാ വോട്ടർമാർക്കും നന്ദി പറയുകയാണെന്നും മുകേഷ് ശർമ പറഞ്ഞു. വികാസ്‌പുരി മണ്ഡലത്തിൽ നിന്നാണ് മുകേഷ് ശർമ ജനവിധി തേടിയത്. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മുകേഷ് ശർമ ട്വീറ്റ് ചെയ്‌തു. ഡൽഹിയുടെ വികസനത്തിനു വേണ്ടി താൽ ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ സിസോദിയ ലീഡ് ചെയ്യുന്നു
ഓഖ്‌ല സീറ്റിൽ ബിജെപി സ്ഥാനാർഥി 200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഷഹീൻബാഗ് ഉൾപ്പെടുന്ന മണ്ഡലമാണ് ഓഖ്‌ല. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ ഷഹീൻബാഗിലാണ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി ഇത് രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
ആം ആദ്‌മി 53 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്
ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കേജ്‌രിവാൾ ലീഡ് ചെയ്യുന്നു
ഒരു സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബെല്ലിമാരൻ മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്
അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി. തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവന്നതിനു ശേഷം കേജ്‌രിവാൾ മാധ്യമങ്ങളെ കാണും
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 54 സീറ്റുകളിൽ ആം ആദ്‌മി ലീഡ് ചെയ്യുന്നു. ബിജെപി 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 50 സീറ്റുകളിൽ ആം ആദ്‌മി ലീഡ് ചെയ്യുന്നു. ബിജെപി 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ സാധിക്കാതെ കോൺഗ്രസ്
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്‌മിയാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. അതേസമയം, വോട്ടെണ്ണൽ ആരംഭിക്കും മുൻപേ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ സമ്മേളിച്ചു. പാർട്ടി ഓഫീസ് ബലൂണുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേജ്‌രിവാളിന് ഭരണത്തുടർച്ചയെന്ന് പരാമർശിച്ചുള്ള ഫ്ളക്‌സ് ബോർഡുകൾ ഇപ്പോഴേ ഉയർന്നു. 2024 ൽ മോദിക്ക് എതിരാളി കേജ്‌രിവാൾ ആയിരിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്ററുകളുമായി ആം ആദ്‌മി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുണ്ട്. വോട്ടെണ്ണൽ ആരംഭിക്കും മുൻപ് ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രാർഥനകളും പൂജകളും നടന്നു.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആം ആദ്‌മിക്കാണ് ആദ്യ ലീഡ്. 33 മണ്ഡലങ്ങളിൽ ആം ആദ്‌മി ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 11 സീറ്റുകളിൽ.
ബിജെപി 55 സീറ്റ് വരെ നേടിയെന്ന് വരാം, ആരും അതിശയിക്കേണ്ട: ബിജെപി സംസ്ഥാന അധ്യക്ഷൻ
എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തിരിച്ചടി പ്രവചിക്കുമ്പോഴും ബിജെപിക്ക് ഇത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട്?
തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം: http://ow.ly/swZ830qgJlI
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഉറച്ച ആത്മവിശ്വാസത്തിൽ ബിജെപി. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി 55 സീറ്റ് നേടിയാലും അതിശയിക്കേണ്ട എന്നാണ് തിവാരി പറയുന്നത്. “അസ്വസ്ഥനല്ല, ഇന്നത്തെ ദിവസം ബിജെപിക്ക് സന്തോഷ ദിവസമായിരിക്കും. ഡൽഹിയിൽ ഞങ്ങൾ അധികാരത്തിലെത്താൻ പോകുന്നു” മനോജ് തിവാരി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നും മൂന്നാം തവണയും ആം ആദ്‌മി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ലെെവ് ബ്ലോഗിലേക്ക് സ്വാഗതം. തിരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ തത്സമയം അറിയാം