ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിരവധി പേരാണ് കന്നി വോട്ട് രേഖപ്പെടുത്തിയത്. ഇക്കൂട്ടത്തിൽ പ്രിയങ്ക ഗാന്ധി-റോബർട്ട് വാദ്ര ദമ്പതികളുടെ മകനുമുണ്ട്. മാതാപിതാക്കൾക്കൊപ്പമെത്തിയാണ് റെഹാൻ രാജീവ് വാദ്ര തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും റെഹാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എല്ലാവർക്കും പൊതുഗതാഗതം വിനിയോഗിക്കാൻ അവസരമുണ്ടാകണമെന്നും വിദ്യാർഥികൾക്ക് സബ്സിഡി നൽകണമെന്നും റെഹാൻ ആവശ്യപ്പെട്ടു.
Read Also: രാജ്യദ്രോഹക്കുറ്റം: കർണാടക സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റെഹാൻ കന്നി വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷേ ലണ്ടനിൽ പഠിക്കുന്ന റെഹാന് പരീക്ഷ കാരണം വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ല. 2019 ൽ ഉത്തർപ്രദേശിലെ അമേഠിയിൽനിന്നും മത്സരിച്ച രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റോഡ്ഷോയിൽ മാതാപിതാക്കൾക്കൊപ്പം റെഹാനും സഹോദരി മിറായയും പങ്കെടുത്തിരുന്നു.
ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഫെബ്രുവരി 11 നാണ് ഡൽഹിയിൽ വോട്ടെണ്ണൽ. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.