ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് നല്‍കിയ ഭാരത രത്‌ന പിന്‍വലിക്കണമെന്ന എഎപി പ്രമേയത്തെ എതിര്‍ത്ത എംഎല്‍എ അല്‍ക്കാ ലാംബയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടു. തന്നോട് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ രാജി ആവശ്യപ്പെട്ടതായും താന്‍ ഉടനെ തന്നെ രാജി സമര്‍പ്പിക്കുമെന്നും അല്‍ക്ക അറിയിച്ചു.

സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചു എന്നാരോപിച്ചായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ഡല്‍ഹി നിയമസഭയില്‍ എഎപി എംഎല്‍എ ജര്‍നൈല്‍ സിങ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കിയ യോഗത്തില്‍ നിന്ന് അല്‍ക്ക പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ എന്ത് പ്രത്യാഘാതം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് അല്‍ക്ക ലാംബ പ്രതികരിച്ചതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക്ക 2014 ലിലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നത്. ചാന്ദ്നി ചൗക്ക് മണ്ഡലത്തെയാണ് അവര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.

കലാപത്തിനു ശേഷമുള്ള ആദ്യത്തെ പ്രസംഗത്തില്‍ രാജീവ് ഗാന്ധി കലാപത്തെക്കുറിച്ച് പറഞ്ഞത് വലിയ ഒരു മരം നിലംപതിച്ചാല്‍, ഭൂമി കുലുങ്ങുക തന്നെ ചെയ്യും എന്നായിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ക്ക് കാരണമായത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ് ഫൂല്‍കയും രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 1984 ലെ കലാപത്തെ ന്യായീകരിച്ചു, അത്തരമൊരു പ്രധാനമന്ത്രി ഭാരത രത്നയ്ക്ക് അര്‍ഹനല്ല എന്നായിരുന്നു ഫൂല്‍ക പറഞ്ഞത്. 1991ല്‍ മരണാനന്തര ബഹുമതി ആയിട്ടാണ് രാജീവ് ഗാന്ധിക്ക് രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook