ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകര്‍ മൂന്ന് പേരെ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച്ച രാത്രിയുണ്ടായ അക്രമത്തില്‍ പരുക്കേറ്റ റിസ്‍വാന്‍, കാമില്‍, അഷു എന്നിവരെ എയിംസില്‍ പ്രവേശിപ്പിച്ചു.
ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് 14 പോത്തുകളെ കൊണ്ടു പോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ട്രക്കാണ് തടഞ്ഞ് അക്രമിക്കപ്പെട്ടത്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) സംഘടനയുടെ പ്രവര്‍ത്തകരാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ് വിവരം. ഗാസിപൂരിലേക്ക് അനധികൃതമായി കന്നുകാലികളെ കടത്തുന്നുണ്ടെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ വണ്ടി തടഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
എന്നാല്‍ തങ്ങള്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്ന് പിഎഫ്എ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ ട്രക്ക് തടഞ്ഞു നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ചുറ്റുംകൂടിയ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നുമാണ് ഇവരുടെ വാദം.
പിഎഫ്എ എന്ന സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പിഎഫ്എ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് മേനകാ ഗാന്ധിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ സംഘടനയും മര്‍ദ്ദനത്തിന് ഇരയായ യുവാക്കളും പരാതി നല്‍കി. മൃഗങ്ങളോട് ക്രൂരത കാണിച്ചെന്നാണ് സംഘടനയുടെ പരാതി. മര്‍ദ്ദനത്തിന് ഇരയായെന്ന യുവാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.