ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം നേരിടാനിരിക്കുന്നത് സങ്കീർണമായ ദിനങ്ങളെന്ന് കേന്ദ്രം. അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുമെന്നും ചികിത്സയ്ക്കായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങേണ്ട സാഹചര്യമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് രോഗികളാൽ ഐസിയുകളും വെന്റിലേറ്ററുകളും നിറയുമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ വേണമെന്നും കേന്ദ്രം അറിയിച്ചു.
ജൂൺ-ഓഗസ്റ്റ് മാസങ്ങൾക്കിടയിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത്.
Read Also: വിഷമിക്കേണ്ട, രാജ്യത്തെ സാമ്പത്തികനില ഭദ്രം; രാമചന്ദ്ര ഗുഹയോട് നിർമല സീതാരാമൻ
ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കോവിഡ് ചികിത്സയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും വരികയെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹരിയാന, കര്‍ണാടക, ജമ്മു കശ്മീർ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളിൽ കൂടുതൽ സജ്ജീകരണമൊരുക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 11,000 ത്തോളം പോസിറ്റീവ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 396 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയർന്നു. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,41,842 ആണ്. രോഗമുക്തി നേടിയവർ 1,47,194 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,498 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനെ മറികടന്ന് ഇന്ത്യ
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലിൽ ഏഴര ലക്ഷത്തിലധികം പേർക്കും റഷ്യയിൽ അഞ്ച് ലക്ഷത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.