/indian-express-malayalam/media/media_files/uploads/2022/09/LIQUOR-2.jpg)
ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലുകളുടെ പരിസരത്ത് മദ്യവില്പനശാലകൾ തുറന്നേക്കും. ടെർമിനലുകളിൽ കടകൾ തുറക്കാൻ അനുമതി തേടി ടൂറിസം വകുപ്പും സിവിൽ സപ്ലൈസ് കോർപ്പറേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (എഎഐ) സമീപിച്ചു.
പഴയ എക്സൈസ് നയം പ്രാബല്യത്തില്‍ വന്നതിന് ശേഷം വിമാനത്താവളത്തില്‍ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല. ആം ആദ്മി സര്‍ക്കാര്‍ വിവാദ എക്സൈസ് നയം റദ്ദാക്കിയതോടെയാണ് പഴയത് വീണ്ടും നിലവില്‍ വന്നത്.
"വിമാനത്താവള ടെർമിനലുകളിൽ മദ്യശാലകൾ തുറക്കാൻ അനുമതി തേടി ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷനും (ഡി ടി ടി ഡി സി) ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡും (ഡി എസ് സി എസ് സി) എയർപോർട്ട് അതോറിറ്റിയെ സമീപിച്ചിരുന്നു. നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. ചർച്ചകൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ ഒരു തീരുമാനമുണ്ടായേക്കും.” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
മദ്യശാലകൾ ആരംഭിക്കുന്നതിനായി എയർപോർട്ട് ടെർമിനലിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് തങ്ങളെ സമീപിച്ചിരുന്നതായി ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.
“അവർ എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കിൽ, എയർപോർട്ട് അതോറിറ്റി അനുമതി നൽകുകയും കടകൾ തുറക്കുന്നതിനുള്ള ലേഔട്ട് പ്ലാൻ നൽകുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ മദ്യനയം പ്രകാരം ആഭ്യന്തര ടെർമിനലുകളിൽ സ്വകാര്യ കമ്പനികൾ ആറോളം മദ്യശാലകൾ ആരംഭിച്ചിരുന്നു. എന്നാലിത് റദ്ദാക്കിയതിന് ശേഷം മദ്യശാലകളുടെ പ്രവര്‍ത്തനം നിലച്ചു. സിബിഐയുടേയും ഇഡിയുടേയും അന്വേഷണത്തിന് പിന്നാലെയായിരുന്നു മദ്യനയം പിന്‍വലിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും വ്യവസായിയായ വിജയ് നായര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.